കോതമംഗലം : വനം വകുപ്പിന്റെ അനുമതി ലഭ്യമായാൽ പൂയംകുട്ടിയിൽ നിന്നും ഈറ്റ ശേഖരണം പുനരാരംഭിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പരമ്പരാഗത ഈറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ആൻറണി ജോൺ എം.എൽ.എ ശ്രദ്ധയിൽ പ്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ മറുപടി. പൂയംകുട്ടി വന മേഖലയിൽ നിന്നും കഴിഞ്ഞ രണ്ട് വർഷത്തോളമായി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്, ബാംബൂ കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങൾ പേപ്പർ ഈറ്റയും, നെയ്ത്ത് ഈറ്റയും ശേഖരിക്കാത്തതിനാൽ നൂറ് കണക്കിന് പരമ്പരാഗത തൊഴിലാളികൾക്ക് ഉണ്ടായിട്ടുള്ള തൊഴിൽ നഷ്ടവും അത് മൂലം ഉണ്ടായിട്ടുള്ള ജീവിതക്ലേശങ്ങളും എം.എൽ.എ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇവിടെ ഈറ്റ ശേഖരണം നടക്കാത്തതിനാൽ പ്രസ്തുത മേഖലയിലെ ജനങ്ങൾക്കുണ്ടായിട്ടുള്ള തൊഴിൽ നഷ്ടം പരിഹരിക്കുന്നതിന് ഈ പ്രദേശത്തെ ഈറ്റ വെട്ടൽ പുനരാരംഭിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണം.
വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന ബാംബൂ കോർപ്പറേഷൻ കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി വന മേഖലയിൽ നിന്നും 2016-17 ൽ 533 എം ടിയും, 2017-18 ൽ 678 എം ടി എന്നിങ്ങനെ ഈറ്റ ശേഖരിച്ച് പനമ്പ് നെയ്ത്തുകാർക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ 2018- 19 വർഷം ഫോറസ്റ്റ് നിയമമനുസരിച്ച് വിശ്രമ കാലം ആയതിനാൽ ഈറ്റ ശേഖരിക്കുവാനുള്ള അനുവാദം ലഭ്യമായിട്ടില്ല
ഇതുമൂലം പ്രദേശത്തെ തൊഴിലാളികൾ ദുരിതത്തിലാണ്. ഇവർക്ക് ഇപ്പോൾ അടിമാലി, ഇടമലയാർ മേഖലകളിൽ നിന്നും മാത്രമെ ഈറ്റ വെട്ടാൻ സാധിക്കുന്നുള്ളു. പൂയംകുട്ടി പ്രദേശത്തെ പരമ്പരാഗത തൊഴിലാളികളായ നൂറു കണക്കിന് ആളുകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വനം വകുപ്പിൽ നിന്നും അനുമതി ലഭ്യമാക്കി പൂയംകുട്ടിയിൽ ഈറ്റ വെട്ടാനുള്ള അനുമതി ലഭ്യമാക്കണമെന്നും എം.എൽ.എ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനോട് ആവശ്യപ്പെട്ടു. ഇതി നെ തുടർന്നാണ് ഇക്കാര്യത്തിൽ മന്ത്രി മറുപടി നൽകിയത്.