സർക്കാർ സംസ്ഥാനത്ത് പുതുതായി അനുവദിച്ച 200 ബഡ്‌സ് സ്ഥാപനങ്ങളിൽ 10 എണ്ണം വയനാട് ജില്ലയിൽ. നിലവിൽ കൽപ്പറ്റ മുള്ളൻകൊല്ലി, നെന്മേനി എന്നിവിടങ്ങളിൽ ബഡ്‌സ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. പൊഴുതന, വൈത്തിരി, മേപ്പാടി, മൂപ്പൈനാട്, പൂതാടി, നൂൽപ്പുഴ, മാനന്തവാടി, തൊണ്ടർനാട്, തിരുനെല്ലി, കണിയാമ്പറ്റ എന്നിവിടങ്ങളിലാണ് പുതുതായി സ്‌കൂളുകൾ ആരംഭിക്കുന്നത്. പൊഴുതനയിലും കണിയാമ്പറ്റയിലും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 22 ലക്ഷം രൂപയാണ് ഒരു ബഡ്‌സ് സ്‌കൂളിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി സർക്കാർ കുടുംബശ്രീ മുഖേന പഞ്ചായത്തുകൾക്ക് നൽകുന്നത്. 12.50 ലക്ഷം ആദ്യ ഗഡുവായി നൽകും. പുതുതായി ആരംഭിക്കുന്ന സ്‌കൂളുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിന് ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.
ദുർബലരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമാണ് ബഡ്‌സ് സ്‌കൂളിലെ കുട്ടികളെന്ന് ജില്ലാ കളക്ടർ എ.ആർ അജയകുമാർ അഭിപ്രായപ്പെട്ടു. അവരെ സംരക്ഷിക്കുകയെന്നത് എല്ലാവരുടേയും കടമയാണ്. സർക്കാർ ഈ മേഖലയിൽ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. അതിനാൽ ഒന്നാം ഗഡു ലഭിച്ചിട്ടുള്ള പഞ്ചായത്തുകൾ അടിയന്തിരമായി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച് ഫെബ്രുവരി അവസാനത്തോടുകൂടിതന്നെ പണി പൂർത്തിയാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജില്ലാ കളക്ടർ എ.ആർ അജയകുമാറിന്റെ അധ്യക്ഷതയിൽ ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ കുടുംബശ്രീ എഡിഎംസി കെ എ ഹാരിസ്, ഡിപിഎം കെ ജെ ബിജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.