സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. കമ്പളക്കാട് ബസ് സ്റ്റാൻഡിനു സമീപം ആരംഭിച്ച ജില്ലയിലെ ആദ്യ കുടുംബശ്രീ ബസാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ ശാക്തികരണമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക, സംരംഭകരുടെ ഉത്പന്നങ്ങൾക്ക് സ്ഥിരം വിപണി ഉറപ്പാക്കുക തുടങ്ങിയ ഉദ്ദേശത്തോടെ സർക്കാർ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കുടുംബശ്രീ ബസാറുകൾ. കുടുംബശ്രീ ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കി വിലക്കുറവിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. രാവിലെ ഒൻപതു മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനം. കുടുംബശ്രീ മൈക്രോ സംരംഭകത്വ ഗ്രൂപ്പുകൾ നിർമ്മിക്കുന്ന എല്ലാ ഉത്പന്നങ്ങളും ബസാറിൽ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജോയിന്റ് ലയബിലിറ്റി കാർഷിക ഗ്രൂപ്പുകളുടെ കൃഷി ഉത്പന്നങ്ങളും ലഭിക്കും. ഭാവിയിൽ കുടുംബശ്രീ ബസാറുകളെ എക്‌സ്‌ക്ല്യൂസിവ് ഷോപ്പുകളാക്കി മാറ്റാനാണ് ശ്രമം. നിലവിൽ 800 സ്വകയർഫീറ്റ് വിസ്തീർണ്ണത്തിലാണ് കമ്പളക്കാട് കുടുംബശ്രീ ബസാർ ഒരുക്കിയിരിക്കുന്നത്. വെങ്ങപ്പള്ളി, പടിഞ്ഞാറത്ത പഞ്ചായത്തുകളിലും ബസാർ സ്ഥാപിക്കാനുള്ള നടപടികൾ കുടുംബശ്രീ തുടങ്ങിയിട്ടുണ്ട്.
പരിപാടിയിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി. സാജിത, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.