സംസ്ഥാന സർക്കാർ ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമാവുന്ന അമ്പലവയൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എംഎസ്ഡിപി പദ്ധതിയിലുൾപ്പെടുത്തി 1.5 കോടി ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്. സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 14ന് കെട്ടിടം ഉദ്ഘാടനം ചെയ്യും. ആധുനിക സൗകര്യങ്ങളോടുകൂടിയ ഒപി, ഫാർമസി, ലാബ് എന്നിവ പുതിയ കെട്ടിടത്തിലുണ്ട്. 1946ൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചതാണ് നിലവിലെ ഒപി കെട്ടിടം. അമ്പലവയലിന് പുറമെ മേപ്പാടി സിഎച്ച്‌സിയും കുടുംബാരോഗ്യ കേന്ദ്രമായി മാറുകയാണ്. ജില്ലയിൽ പുതുതായി പ്രഖ്യാപിച്ച 15 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിലാണ് അമ്പലവയലും മേപ്പാടിയും. ഇതിനു പുറമെ എടവക, വെള്ളമുണ്ട, ചീരാൽ, വാഴവറ്റ, കുറുക്കൻമൂല, തൊണ്ടർനാട്, ബേഗൂർ, സുഗന്ധഗിരി, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, പാക്കം, ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാവും.
നിലവിൽ നൂൽപ്പുഴ, പൂതാടി, അപ്പപ്പാറ, വെങ്ങപ്പള്ളി എന്നിങ്ങനെ നാലു കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ദേശീയതലത്തിൽ അംഗീകാരം നേടിയിട്ടുണ്ട്. ഇതര കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും മികച്ചുനിൽക്കുകയാണ്.
ഭൗതികസാഹചര്യങ്ങൾ വർധിപ്പിച്ച് ആശുപത്രികളെ രോഗീസൗഹൃദമാക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിച്ച് ആശുപത്രികളിൽ മതിയായ ചികിൽസാ സൗകര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. രോഗനിർണയത്തിനാവശ്യമായ ഉപകരണങ്ങൾ, ലബോറട്ടറി സംവിധാനങ്ങൾ, മരുന്നുകൾ, ഫർണിച്ചറുകൾ, എന്നിവയും മെച്ചപ്പെടുത്തും. പരിശോധന ഉച്ചയോടെ അവസാനിപ്പിക്കുന്ന രീതി മാറി വൈകുന്നേരം വരെ പരിശോധനയും ചികിൽസയും ഉറപ്പുവരുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ചികിൽസാകേന്ദ്രം എന്നതിനപ്പുറം നാടിന്റെ ആരോഗ്യം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുടെ കൂടി കേന്ദ്രങ്ങളായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ മാറുക.