വരൾച്ച നേരിടുന്നതിന്റെ ഭാഗമായി ജില്ലയിൽ മെയ് അഞ്ചുവരെ സ്വകാര്യ ഏജൻസികളുടെ കുഴൽക്കിണർ നിർമാണം നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എ.ആർ അജയകുമാർ ഉത്തരവിറക്കി. 2005-ലെ ദുരന്തനിവാരണ നിയമം, വകുപ്പ് 30(1) അനുസരിച്ചാണ് ഉത്തരവ്. ഭൂഗർഭ ജലവകുപ്പ് സർവേ നടത്തി അംഗീകരിക്കുന്ന ഇടങ്ങളിൽ വകുപ്പ് നേരിട്ട് കുഴൽക്കിണർ നിർമിച്ചു നൽകുന്നതിനു തടസ്സമില്ല. എന്നാൽ, ഇപ്രകാരം കുഴൽക്കിണർ കുഴിക്കുന്നത് പ്രദേശത്ത് വരൾച്ചാസാധ്യത വർധിപ്പിക്കില്ലെന്നു ശാസ്ത്രീയമായി ഉറപ്പാക്കിയ ശേഷം മാത്രമേ നിർമാണം നടത്താവൂ. കേരള മുനിസിപ്പാലിറ്റി/ പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങൾ പ്രകാരം കുഴൽക്കിണർ നിർമിക്കുന്നതിനുള്ള അനുമതി ഭൂജലവകുപ്പ് നേരിട്ട് സർവേ നടത്തി കുഴിക്കുന്ന കുഴൽക്കിണറുകൾക്ക് മാത്രമായി മെയ് അഞ്ചുവരെ പരിമിതപ്പെടുത്തണമെന്ന് ബന്ധപ്പെട്ട സെക്രട്ടറിമാർക്ക് കളക്ടർ നിർദേശം നൽകി. ഇക്കാര്യങ്ങൾ തഹസിൽദാർമാർ/ ഭൂജലവകുപ്പ് ജില്ലാ ഓഫീസർ/ സ്റ്റേഷൻ ഹൗസ് പൊലീസ് ഓഫീസർമാർ ഉറപ്പുവരുത്തണം.
കുഴൽക്കിണർ നിർമാണത്തിനായി ഭൂജലവകുപ്പിന്റെ സർവേയോ അനുമതിയോ ലഭിക്കുന്നതിനുള്ള അപേക്ഷ നേരിട്ട് ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, മീനങ്ങാടി എന്ന വിലാസത്തിൽ അയക്കണം. ഓരോ മാസവും പുതുതായി ഭൂജലവകുപ്പ് മുഖേന എത്ര കുഴൽക്കിണറുകൾ നിർമിച്ചു എന്നതു സംബന്ധിച്ച റിപോർട്ട് ദുരന്തനിവാരണ അതോറിറ്റിക്ക് ലഭ്യമാക്കണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.