* നിയമന ഉത്തരവ് മന്ത്രി കൈമാറി

 

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ഹവീൽദാർ വി.വി വസന്തകുമാറിന്റെ ഭാര്യ ബി. ഷീനയ്ക്ക് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ സ്ഥിരനിയമനം. ഉത്തരവ് മന്ത്രി അഡ്വ. കെ. രാജു വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ കുടുംബവീട്ടിലെത്തി കൈമാറി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് തൃക്കൈപ്പറ്റയിലെത്തിയ മന്ത്രി വസന്തകുമാറിന്റെ കുഴിമാടം സന്ദർശിച്ചതിനു ശേഷമാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. വിവരങ്ങൾ തിരക്കിയ അദ്ദേഹം നിയമന ഉത്തരവും ഇതുസംബന്ധിച്ച സർക്കാർ തീരുമാനങ്ങളുടെ പകർപ്പും ഷീനയ്ക്ക് കൈമാറി. വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ ഫിനാൻസ് വിങിൽ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ആയാണ് നിയമനം. നേരത്തെ ഇതേ തസ്തികയിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു ഷീന.
എപ്പോൾ വേണമെങ്കിലും ഇവർക്കു ജോലിയിൽ പ്രവേശിക്കാമെന്നും കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും അരമണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ച മന്ത്രി പറഞ്ഞു. സി.കെ ശശീന്ദ്രൻ എംഎൽഎ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സഹദ്, വെറ്ററിനറി യൂണിവേഴ്‌സിറ്റി രജിസ്ട്രാർ ജോസഫ് മാത്യു, അക്കാദമിക് ആന്റ് റിസർച്ച് ഡയറക്ടർ ഡോ. എൻ. അശോക്, ഫിനാൻസ് ഓഫിസർ ഡോ. കെ.എം ശ്യാം മോഹൻ, എന്റർപ്രണർഷിപ്പ് ഡയക്ടർ ഡോ. നാരായണൻ, യൂണിവേഴ്‌സിറ്റി ഭരണസമിതി അംഗം ഡോ. ലീബ ചാക്കോ, സൗത്ത് വയനാട് ഡിഎഫ്ഒ പി. രഞ്ജിത്കുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി. ഗഗാറിൻ, വിജയൻ ചെറുകര തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വസന്തകുമാറിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഫെബ്രുവരി 25ന് കൈമാറിയിരുന്നു. മാതാവ് ശാന്തയ്ക്ക് 10 ലക്ഷം, ഭാര്യ ഷീനയ്ക്ക് 15 ലക്ഷം എന്നിങ്ങനെയാണ് സർക്കാർ പ്രഖ്യാപിച്ചത്. ഈ തുകയ്ക്കുള്ള ചെക്കാണ് എഡിഎം കെ. അജീഷ്, ഫിനാൻസ് ഓഫിസർ എ.കെ ദിനേശൻ, എൽആർ തഹസിൽദാർ എൻ. ശങ്കരൻ നമ്പൂതിരി എന്നിവർ ചേർന്ന് വസന്തകുമാറിന്റെ വീട്ടിലെത്തി കൈമാറിയത്.