ജില്ലയുടെ വിനോദ സഞ്ചാര വികസനത്തിന് കുതിപ്പേകുന്ന വിവിധ പ്രവർത്തികൾ സംസ്ഥാന ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാർച്ച് 10ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഉദ്ഘാടനം. കറളാട് വയനാട് അഡ്വഞ്ചർ ക്യാമ്പ് സാഹസിക വിനോദസഞ്ചാര വികസനം വിപൂലീകരണ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനവും നിർമ്മാണം പൂർത്തിയായ അമ്പലവയൽ ചീങ്ങേരിയിലെ ടേക്ക് എ ബ്രേക്ക് പദ്ധതി, മാവിലാംതോട് പഴശ്ശി ലാൻഡ് സ്‌കേപ്പ് മ്യൂസിയം എന്നിവയും മന്ത്രി നാടിനു സമർപ്പിക്കും.
സാഹസിക വിനോദസഞ്ചാര വികസനം വിപൂലീകരണ പദ്ധതി പ്രവർത്തനോദ്ഘാടനം രാവിലെ ഒൻപതിന് കർലാട് പരിസരത്ത് മന്ത്രി നിർവഹിക്കും. സി.കെ ശശീന്ദ്രൻ എം.എൽഎ അദ്ധ്യക്ഷത വഹിക്കും. അമ്പലവയൽ ചീങ്ങേരിയിൽ നിർമ്മിച്ച ടേക്ക് എ ബ്രേക്ക് പദ്ധതി ഉച്ചയ്ക്ക് 1.15 നും സ്വാതന്ത്ര്യസമര സ്മരണയുണർത്തുന്ന വണ്ടിക്കടവ് മാവിലാംതോട് വീരപഴശ്ശി സ്മാരക കേന്ദ്രത്തിൽ ടൂറിസം വകുപ്പ് അനുവദിച്ച തുക ഉപയോഗിച്ച് പൂർത്തീകരിച്ച പഴശ്ശി ലാൻഡ് സ്‌കേപ്പ് മ്യൂസിയത്തിന്റെ ഉദ്ഘാടനം വൈകീട്ട് 3.30 നും മന്ത്രി നിർവഹിക്കും. ഐടിഡിപി അനുവദിച്ച സ്ഥലത്ത് ടൂറിസം വകുപ്പ് 46 ലക്ഷം രൂപ ചെലവഴിച്ച് എഫ്.ആർ.ബി.എൽ മുഖേനയാണ് ടേക്ക് എ ബ്രേക്ക് പദ്ധതി പൂർത്തീകരിച്ചത്. സംസ്ഥാന ടൂറിസം വകുപ്പ് വഴിയാത്ര സഞ്ചാരികൾക്കായി വിഭാവനം ചെയ്ത പദ്ധതിയാണ് ടേക്ക് എ ബ്രേക്ക്.
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വിവിധ പരിപാടികളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ടൂറിസം ഡയറക്ടർ ബാലകിരൺ, ജില്ലാ കളക്ടർ എ.ആർ അജയ കുമാർ, ഡിടിപിസി സെക്രട്ടറി ബി. ആനന്ദ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.