അവധിക്കാലത്തെ ആഘോഷങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അഗ്നിശമനസേനയുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ജില്ലാ അഗ്നിശമന സേനാ മേധാവി അരുണ്‍ ഭാസ്‌ക്കര്‍ അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന്് കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചതിനാല്‍ ജല അപകടങ്ങള്‍ സംഭവിക്കാന്‍ ഇടയുള്ള സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണം. ജില്ലയിലെ ഏഴ് ഫയര്‍ സ്റ്റേഷനുകളുടെയും പരിധിയില്‍ ഉള്ള 60 ല്‍ അധികം അപകടസാധ്യതയുള്ള ജലാശയങ്ങള്‍ (കുളം,ക്വാറി,പുഴ,ഡാം) കണ്ടെത്തി വ്യക്തമായ ജാഗ്രത നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
• ബന്ധുവീട്ടിലേക്കും വിനോദയാത്രയ്ക്കുമായി പോകുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴ സമയത്ത് ഇറങ്ങരുത്. കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം.
• രാത്രികാലങ്ങളില്‍ ജലാശയങ്ങളില്‍ മീന്‍പിടിക്കുന്നതും കുളിക്കാന്‍ പോകുന്നതും ഒഴിവാക്കണം
• അപകടസാധ്യതയുള്ള ഡാമുകളിലോ ജലാശയങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുത്.
• ജലാശയങ്ങളുടെയും പാലങ്ങളുടെയും അരികില്‍ നിന്ന് സെല്‍ഫി എടുക്കരുത്.
• ജലാശയങ്ങളോട് ചേര്‍ന്ന പ്രദേശങ്ങളിലെ നാട്ടുകാരെ ഉള്‍പ്പെടുത്തി സി വി ആര്‍ (കമ്മ്യൂണിറ്റി വൊളന്ററി റെസ്‌ക്യൂ) ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ണാര്‍ക്കാട് സ്റ്റേഷന്‍ പരിധിയില്‍ പാത്രക്കടവ് കുമരംപുത്തൂര്‍ പഞ്ചായത്തിലെ 40 പേര്‍ അടങ്ങിയ ടീമും പാലക്കയത്ത് 30 പേര്‍ അടങ്ങിയ ടീമും ഉണ്ട്. മറ്റു പ്രദേശങ്ങളില്‍ സി.വി.ആര്‍ ടീമുകള്‍ രൂപീകരിക്കാന്‍ താല്‍പര്യമുള്ളവര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസുമായി ബന്ധപ്പെടണം.
• അപകടസാധ്യതയുള്ള ജലാശയങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാത്ത സ്ഥലങ്ങളില്‍ ബന്ധപ്പെട്ട പഞ്ചായത്ത്, വില്ലേജ് തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ മുന്‍കൈയ്യെടുത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്.
• ക്ഷേത്രങ്ങളുടെയോ സ്വകാര്യവ്യക്തികളുടെയോ അപകടസാധ്യതയുള്ള കുളങ്ങളില്‍ അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ അടിയന്തിരമായി മുന്നറിയിപ്പ് ബോര്‍ഡുകളും ബാരിക്കേഡുകളും സ്ഥാപിക്കണം.
• ഉപയോഗശൂന്യമായ ക്വാറികള്‍, കുളങ്ങള്‍, കിണറുകള്‍, മറ്റ ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കമ്പിവേലിയോ മറ്റോ കെട്ടി അടച്ചിടണം.