ജില്ലയെ കുഷ്ഠരോഗ വിമുക്തമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശന പരിപാടിയായ അശ്വമേധത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍ ഷീജ അധ്യക്ഷയായിരുന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.നിരണ്‍ ബാബു, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.സി.എസ്.നന്ദിനി, ഡോ.പി.എന്‍.പത്മകുമാരി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.ശ്രീരാജ്, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ എം.ആര്‍.അനില്‍കുമാര്‍, സി.ജി.ശശിധരന്‍, മാസ് മീഡിയ ഓഫീസര്‍ റ്റി.കെ.അശോക് കുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.സാജന്‍ മാത്യൂസ് തുടങ്ങിയവര്‍ സംസാരിച്ചു.
പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി ഓരോ അംഗങ്ങളുടെയും ദേഹപരിശോധന നടത്തി കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്ന വിപുലമായ പരിപാടിയാണ് അശ്വമേധം. ശരീരത്ത് സംശയകരമായ പാടോ മറ്റ് ലക്ഷണങ്ങളോ കണ്ടാല്‍ തുടര്‍ പരിശോധനയ്ക്ക് വിധേയമാക്കും. രോഗം സ്ഥിരീകരിച്ചാല്‍ സൗജന്യ ചികിത്സ ലഭ്യമാക്കും.