ജില്ലയില്‍ 2019-20 സാമ്പത്തിക വര്‍ഷം രണ്ട് കോടി 60 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പച്ചക്കറി കൃഷി വികസന പദ്ധതിയിലെ വിവിധ ഘടകങ്ങള്‍ക്കായി നല്‍കുന്നു. ഓണത്തിന് ഒരു മുറം പച്ചക്കറി ഉത്പാദനത്തിനായി 4.6 ലക്ഷം വിത്ത് പായ്ക്കറ്റുകളും സ്‌കൂള്‍ കുട്ടികള്‍, കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് നല്‍കും. ഏഴ് ലക്ഷം പച്ചക്കറി തൈകളും കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്‌റിന് 15000 രൂപ പ്രകാരം അഞ്ച് ഹെക്ടര്‍ ഗ്രൂപ്പിന് 75000 രൂപ നല്‍കും. ഇത്തരത്തില്‍ 70 ക്ലസ്റ്ററുകള്‍ക്ക് സഹായധനം ലഭ്യമാക്കും. ജലസേചനത്തിനായി ഒരു പമ്പ് സെറ്റിന് 10000 രൂപ വീതം 130 പമ്പ് സെറ്റുകളും സസ്യസംരക്ഷണ ഉപകരണങ്ങള്‍ക്കായി സ്‌പ്രെയര്‍ ഒന്നിന് 1500 രൂപ വീതം 180 സ്‌പ്രെയറുകളും നല്‍കും. മഴമറകള്‍ സ്ഥാപിക്കുന്നതിനും സൂക്ഷ്മ ജലസേചനത്തിനും സഹായധനം ലഭ്യമാക്കും.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രോജക്ട് അടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഒമ്പത് ലക്ഷം രൂപയും 130 സ്‌കൂളുകളില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിന് സ്‌കൂള്‍ ഒന്നിന് 5000 രൂപ വീതം സഹായധനം ലഭ്യമാക്കും. അധികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറി സംഭരിച്ചു വയ്ക്കുന്നതിനായി ഊര്‍ജരഹിത ശീതീകരിണി നിര്‍മിക്കുന്നതിന് 15000 രൂപ വീതം സബ്‌സിഡി അനുവദിക്കും. പരമ്പരാഗതയിനം പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തരിശുഭൂമിയില്‍ കൃഷി ചെയ്യുന്നതിനും ധനസഹായം നല്‍കും.
പച്ചക്കറി കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.