കോലഞ്ചേരി : സെറിബ്രൽ പാൾസി ബാധിച്ച് ഇരുകാലുകളും തളർന്ന നാസ്ബിൻ സുൽത്താനയ്ക്ക് താങ്ങായി വീൽ ചെയറും സി പി ചെയറും നൽകി. പുറ്റുമാനൂർ ഗവ: യു .പി സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വേലായുധൻ നാസ്ബിൻ സുൽത്താനയ്ക്ക് ക്ലാസ് മുറിയിൽ ഉപയോഗിക്കാൻ കഴിയുന്ന വീൽചെയറും സി പി ചെയറും കൈമാറി. ആസ്റ്റർസിക്ക് കിഡ് ഫൗണ്ടേഷനാണ് ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്.

വിദ്യാലയങ്ങളിൽ പ്രവേശനം നേടാത്ത കുട്ടികളെ കണ്ടെത്തുന്നതിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള നടത്തിയ സർവ്വേയിലാണ് 9 വയസുകാരിയായ നാസ്ബിൻ സുൽത്താനയുടെ അവസ്ഥ ശ്രദ്ധയിൽ പെടുന്നത്. നാസ്ബിന്റെ സഹോദരി ഷെഹനാസ് 4-ാംക്ലാസിലും സഹോദരൻ ഷഹാലോ ഒന്നാം ക്ലാസിലും പുറ്റുമാനൂർ ഗവ: യു .പി സ്കൂളിലാണ് പഠിക്കുന്നത്. സഹോദരങ്ങളുടെ സഹായത്തോടെ ഹിന്ദിയും മലയാളവും പഠിച്ച നാസ്ബിന്റെ കഴിവും പഠനത്തോടുള്ള താത്പര്യം മനസിലാക്കിയ സമഗ്ര ശിക്ഷ കേരള അധികൃതർ പഞ്ചായത്തിന്റെ സഹായത്തോടെ നാസ്ബിനെ സഹോദരിക്കൊപ്പം പുറ്റുമാനൂർ ഗവ: യു പി സ്കൂളിൽ നാലാം ക്ലാസിൽ ചേർത്തു.

പഠനത്തിൽ താല്പര്യമുള്ള നാസ്ബിൽ സുൽത്താനയുടെ ശാരീരിക പരിമിതികളെ ചൂണ്ടിക്കാട്ടി എസ് എസ് കെ ആസ്റ്റർസിക്ക് കിഡ് ഫൗണ്ടേഷന് കത്ത് നൽകുകയും തുടർന്ന് നാസ്സിബിനെ സന്ദർശിച്ച ഫൗണ്ടേഷൻ അധികൃതർ കുട്ടിയെ പരിശോധിച്ച് ആവശ്യമായ ഉപകരണങ്ങൾ സ്പോൺസർ ചെയ്തത്.

ആസാം ഗുവഹാട്ടി നൗഗാവ് സ്വദേശമായ നാസ്ബിന്റെ കുടുംബം 6 മാസം മുമ്പാണ് തൊഴിൽ തേടി കേരളത്തിൽ വരുന്നത്. അച്ഛനും അമ്മയും സഹോദരിയും സഹോദരനും ഉൾപ്പെടുന്ന നാസ്ബിനിന്റെ കുടുംബം വടവുകോട് -പുത്തൻകുരിശ് പഞ്ചായത്തിലെ ചാലിക്കരയിലാണ് താമസിക്കുന്നത്.പിതാവ് ഹുസൈൻ അലി മേസ്തിരി പണി ചെയ്തതാണ് കുടുംബം പുലർത്തുന്നത്.

വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്തംഗം ലിസി ഏലിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എസ് കെ എറണാകുളം ജില്ലാ പ്രൊജക്ട് ഓഫീസർ സജോയ് ജോർജ്, സി എം ഐ ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: ബിനോയ് പീറ്റർ, ആസ്റ്റർസിക്ക് കിഡ് ഫൗണ്ടേഷൻ ഡയറക്ടർ ലത്തീഫ് കാസിം, എസ് എസ് കെ അർബൻ കോ-ഓർഡിനേറ്റർ പി.ബി രതീഷ്, ബി പി ഒ രമാഭായി, പഞ്ചായത്തംഗം ലീനമാത്യു, സാമൂഹ്യപ്രവർത്തകൻ എൻ വി മാത്യു, ഹെഡ്മിസ്ട്രസ് മിനി വി ഐസക്ക് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : തളർന്ന കാലുകൾക്ക് താങ്ങായി ലഭിച്ച വീൽ ചെയറിൽ നാസ്പിൻ സുൽത്തന.