കാക്കനാട്: ജില്ലാ വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് – ജലസേചന വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനം. രണ്ട് വകുപ്പുകളിലേയും ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെതിരെയാണ് യോഗത്തിൽ പങ്കെടുത്ത എം.എൽ.എ മാരടക്കമുള്ള ജനപ്രതിനിധികൾ രൂക്ഷ വിമർശനമുന്നയിച്ചത്. രാവിലെ 11 മണിക്ക് എ.ഡി.എം കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിലാണ് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വികസന സമിതി യോഗം ചേർന്നത്. പ്രളയ ദുരിതാശ്വാസത്തിനുള്ള അപ്പീലുകൾ ഞായറാഴ്ചയും സ്വീകരിക്കണമെന്ന് യോഗത്തിൽ ആദ്യം സംസാരിച്ച റോജി ജോൺ എം.എൽ.എ. ആവശ്യപ്പെട്ടു. വില്ലേജോഫീസുകളിലെത്തുന്ന അപേക്ഷകരെ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കുകയാണ്. ഇതു സംബന്ധിച്ച് ലഭിക്കുന്ന മുഴുവൻ അപേക്ഷകളും സ്വീകരിക്കണമെന്ന നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും നിർമ്മാണ പ്രവർത്തനങ്ങളിൽ കരാറുകാർ മനപ്പൂർവ്വം കാലതാമസം വരുത്തുകയാണെന്നും ഇങ്ങനെ കാലതാമസം വരുത്തുന്നവരെ കരിമ്പട്ടികയിൽ പെടുത്തണമെന്നും എൽദോ എബ്രഹാം എം.എൽ.എ ആവശ്യപ്പെട്ടു. പൊതു വിതരണ മേഖലയിൽ സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കണമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. റേഷൻ കടകൾക്ക് മുന്നിൽ വച്ച് അരി തൂക്കി നൽകണമെന്ന നിർദ്ദേശം കർശനമായി നടപ്പാക്കണം. സ്കൂൾ കോളജുകളുടെ പ്രവേശന സമയവുമായി ബന്ധപ്പെട്ട് വിവിധ സർട്ടിഫിക്കറ്റുകളുടെ ആവശ്യത്തിന് വില്ലേജോഫീസുകളിലെത്തുന്നവരെ വലക്കുന്ന സമീപനം കൈ കൊള്ളരുത്. മേജർ – മൈനർ ഇറിഗേഷൻ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സർക്കാർ വർക്കുകളെ കുടുംബ കാര്യമെന്ന രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. പ്രളയദുരിതാശ്വാസത്തിനായി കേരളത്തിന് പുറത്തുള്ള എം.പിമാർ നൽകിയ ഫണ്ട് ജില്ലയിൽ മാനദണ്ഡമില്ലാതെയാണ് വിനിയോഗിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ജനത്തെ എതിരാക്കാൻ ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന് കെ.ജെ. മാക്സി എം.എൽ.എയും പറഞ്ഞു. ചെല്ലാനം പഞ്ചായത്തിലെ പ്രശ്നങ്ങൾ ഉദ്യോഗസ്ഥ വീഴ്ചക്ക് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടയിരുപ്പ്, മണ്ണൂർ ജംഗ്ഷനുകളിൽ അപകട നിയന്ത്രണ സംവിധാനങ്ങൾ വേണമെന്ന് വി.പി.സജീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. കരിമുഗൾ കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണം. കുന്നത്തുനാട്ടിലെ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണം. മണ്ഡലത്തിലെ തമ്മാനിമറ്റം തൂക്കുപാലം പ്രളയ പുനർനിർമ്മാണത്തിൽ ഉൾപ്പെടുത്താത്തതിനെയും അദ്ദേഹം വിമർശിച്ചു. സപ്ലൈകോയുടെ കോലഞ്ചേരി ഔട്ട് ലെറ്റിൽ സബ്സിഡി സാധനങ്ങളില്ലെന്ന പരാതി പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ് ബി യിൽ നിന്നും ഫണ്ടനുവദിച്ച കിഴില്ലം- പാണിയേലി റോഡ് മൂന്ന് വർഷമായിട്ടും ചുവപ് നാടയിൽ കുരുങ്ങിയത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആരോപിച്ചു. പെരുമ്പാവൂർ താലൂക്കാശുപത്രിയിലെ മാമോഗ്രാം യൂണീറ്റ് ടെക്നീഷ്യനില്ലാത്തതിനാൽ പ്രവർത്തന രഹിതമാണ്. ഇത് പരിഹരിക്കണം. പ്രളയ അപ്പീലുകൾ കളക്ട്രേറ്റിൽ ചാക്കിൽ കെട്ടി തള്ളിയെന്ന സംഭവത്തെ കുറിച്ചും അദ്ദേഹം വിശദീകരണം തേടി. റോഡപകടങ്ങൾ പരിഹരിക്കുന്നതിനും റോഡുകളിൽ അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നതിന്നും നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ ഇട്ടിയക്കാട്ട് മലയിലെ പട്ടയ ഭൂമിയിൽ മരം മുറിക്കുന്നതിനുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കണം. പ്രളയത്തിൽ തകർന്ന തോട്ടഞ്ചേരി തൂക്ക് പാലം പുനർ നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വികസന സമിതി യോഗത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് എം.എൽ.എ മാരോടൊപ്പം തന്നെ നഗരസഭാ ചെയർമാൻമാർക്കും അവസരം നൽകണമെന്ന് പിറവം നഗരസഭാ ചെയർമാൻ സാബു.കെ.ജേക്കബ് ആവശ്യപ്പെട്ടു. നഗരസഭാ പരിധിയിലെ നടക്കാവ് – ഒലിയപ്പുറം ഹൈവേ ഉൾപ്പടെയുള്ള റോഡുകളുടെ പുനർ നിർമ്മാണത്തിൽ ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ച് കാലതാമസം വരുത്തുകയാണെന്നും ഇതിനെതിരെ പ്രത്യക്ഷ സമരരംഗത്തിറങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എടുത്ത സിലിണ്ടറുകൾ കാണാതെ പോയതിനെ തുടർന്ന് അടക്കേണ്ട 32000 രൂപ ഇതുവരെ ഉദ്യോഗസ്ഥർ അടച്ചിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ച് അടുത്ത മാസം 10 ന് ജില്ലാ കളക്ടറുടെ ചേമ്പറിന് മുന്നിൽ താൻ കുത്തിയിരിക്കുമെന്നും പറവൂർ നഗരസഭാ ചെയർമാൻ രമേശ്.ഡി.കുറുപ്പ് പറഞ്ഞു. റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ജല സേചന വകുപ്പ് ഉദ്യോഗസ്ഥർ പുലർത്തുന്ന നിസംഗതയെ കളമശ്ശേരി നഗരസഭാ ചെയർപേഴ്സണും വിമർശിച്ചു. തമ്മനം – പുല്ലേപ്പടി റോഡിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട ആലോചനായോഗം ഉടൻ വിളിച്ചു ചേർക്കണമെന്ന് കോർപ്പറേഷനെ പ്രതിനിധീകരിച്ചെത്തിയ കൗൺസിലർ ഗ്രേസി ജേക്കബ് ആവശ്യപ്പെട്ടു. കലൂരിലെ സപ്ലൈകോ ഔട്ട് ലെറ്റിൽ സബ്സിഡി സാധനങ്ങൾ ലഭിക്കാറില്ല. റോഡ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അലംഭാവത്തേയും അവർ വിമർശിച്ചു. ജനപ്രതിനിധികളുടെ വിമർശനത്തിന് കാത്തിരിക്കാതെ സമയ ബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് അധ്യക്ഷത വഹിച്ച ഏ.ഡി.എം കെ.ചന്ദ്രശേഖരൻ നായർ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്കു പുറമേ വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.