തിരുവല്ല താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍ തുടരുന്നു. തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസ്, എസ് എന്‍ വി എച്ച്എസ് എന്നീ സ്‌കൂളുകളിലെ ക്യാമ്പുകളിലായി 58 കുടുംബങ്ങളിലെ 201 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ഈ രണ്ട് സ്‌കൂളുകള്‍ക്കും 23ന്‌ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
തിരുവല്ല കുറ്റപ്പുഴ വില്ലേജില്‍ ഇടമനത്തറ കോളനിയിലെ ആറു വീട്ടില്‍ വെള്ളം കയറി. ഇവരെ ഇരുവള്ളിപ്ര ഗവണ്‍മെന്റ് എല്‍പിഎസിലേക്ക് മാറ്റുന്നതിന് റവന്യു വകുപ്പ് നടപടിയെടുത്തെങ്കിലും വെള്ളം ഇറങ്ങിയതിനാല്‍ ക്യാമ്പ് ആരംഭിച്ചില്ല. മല്ലപ്പള്ളി താലൂക്കിലെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എല്‍പിഎസില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് അവസാനിപ്പിച്ചു. മല്ലപ്പള്ളി താലൂക്കില്‍ ഒരു വീടിന് ഭാഗിക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
  അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ ഒരു വീടിന് നാശനഷ്ടം സംഭവിച്ചു. കോന്നി താലൂക്കിലെ തണ്ണിത്തോട് വില്ലേജില്‍ മണ്ണിടിച്ചില്‍ മൂലം തെക്കുതോട് ഒരു വീടിനും അള്ളുങ്കല്‍ ഒരു വീടിനും ഭാഗിക നാശനഷ്ടമുണ്ടായി. വള്ളിക്കോട് വില്ലേജ് ഓഫീസില്‍ മരം വീണ് ചെറിയ നാശനഷ്ടമുണ്ടായി. റാന്നി താലൂക്കില്‍ പെരുനാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു.