മിഠായി പദ്ധതിക്ക് 3.8 കോടി രൂപയുടെ ഭരണാനുമതി 

തിരുവനന്തപുരം: ‘മിഠായി’ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത എല്ലാ ജില്ലകളിലും മിഠായ് സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജുകളിലെ പ്രത്യേക കേന്ദ്രങ്ങള്‍ വഴിയാണ് നിലവില്‍ മിഠായി പദ്ധതിയുടെ സൗജന്യ മരുന്നുകളും മെഡിക്കല്‍ ഉത്പന്നങ്ങളും നല്‍കുന്നത്.

പുതിയ 9 ജില്ലകളില്‍ കൂടി മിഠായ് സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ വരുന്നതോടെ വളരെദൂരം യാത്രചെയ്യാതെ സ്വന്തം ജില്ലകളില്‍ തന്നെ ഈ പദ്ധതിയുടെ സഹായം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 3.8 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. മരുന്നും മറ്റവശ്യ ഉപകരണങ്ങളും, ഡോക്ടര്‍മാരുടെ സേവനം, ക്യാമ്പ് നടത്തിപ്പ് തുടങ്ങി എല്ലാ ആവശ്യങ്ങള്‍ക്കുമായാണ് തുക വകയിരുത്തിയിരിക്കുന്നത്. 

ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പരിചരണം നല്‍കുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ 2018ല്‍ ആരംഭിച്ച സമഗ്ര സാമൂഹികാധിഷ്ഠിത പദ്ധതിയാണ് മിഠായി. സൗജന്യ ആധുനിക ഇന്‍സുലിന്‍ തെറാപ്പിയാണ് മിഠായി പദ്ധതി മുന്നോട്ടു വെക്കുന്നത്.

വേദനരഹിതവും അനായാസേന ഉപയോഗിക്കാവുന്നതുമായ ആധുനിക ഇന്‍സുലിന്‍ പെന്‍ ‘മിഠായി’യെന്നോണം ഉപയോഗിച്ച്, രോഗാവസ്ഥയിലുള്ള കുട്ടികള്‍ക്ക് സാധാരണ ജീവിതം സാധ്യമാക്കുന്നു. തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണം, ഇന്‍സുലിന്‍ തെറാപ്പി, ആവശ്യമുളളവര്‍ക്ക് ഇന്‍സുലിന്‍ പമ്പ് എന്നിവ നല്‍കുകയും കൗണ്‍സിലിംഗും മാതാപിതാക്കള്‍ക്ക് പരിശീലനവും മറ്റ് സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ 6 ഘടകങ്ങള്‍ ഉള്‍പ്പെട്ട ഒരു ബൃഹത് പദ്ധതികൂടിയാണിത്.

ഇതിന്റെ ഭാഗമായി രോഗബാധിതരായ കുട്ടികളുടെ രജിസ്ട്രി തയ്യാറാക്കി വരുന്നു. ഈ പദ്ധതി വഴി ടൈപ്പ് 1 പ്രമേഹം ബാധിച്ച 5 മുതല്‍ 15 വയസുവരെയുളള കുട്ടികളെ കണ്ടെത്തി രജിസ്‌ട്രേഷനും തുടര്‍ നടപടികള്‍ക്കുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇതുവരെ എഴുന്നൂറോളം കുട്ടികള്‍ക്ക് മിഠായി പദ്ധതി കൈത്താങ്ങായതായും മന്ത്രി വ്യക്തമാക്കി.