പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ചേകാടിയില്‍ കൃഷിയാവശ്യത്തിനായി ചെറുകിട ജലസേചന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ചേകാടി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. ചേകാടി നിവാസികളുടെ വര്‍ഷങ്ങളോളമുളള കാത്തിരിപ്പി നൊടുവിലാണ് പദ്ധതി യാഥാര്‍ഥ്യമായത്. ഇതോടെ 168 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യമെത്തും.

179.30 ലക്ഷമാണ് പദ്ധതിക്കായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ചെലവഴിച്ചിരിക്കുന്നത്. പമ്പ് ഹൗസ്, ഓവര്‍ഹെഡ് ടാങ്ക്,പൈപ്പ്‌ലൈന്‍,1240 മീറ്റര്‍ കനാല്‍ പുനരുദ്ധാരണം, 345 മീറ്റര്‍ പുതിയ കനാല്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. ചേകാടി ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ കെ.പി രവീന്ദര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, വാര്‍ഡ് മെമ്പര്‍ പ്രേമവല്ലി കവിക്കല്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ്  എഞ്ചിനിയര്‍ കെ.സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.