മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം പ്രസക്ത ഭാഗങ്ങൾ – ഇടുക്കി ഭൂമി പ്രശ്‌നം
കേരളത്തിലെ സങ്കീർണ്ണമായ പ്രശ്‌നങ്ങളിലൊന്നാണ് ഭൂമിയുമായി ബന്ധപ്പെട്ടത്. ഭൂപരിഷ്‌ക്കരണം നടപ്പിലാക്കിയ സംസ്ഥാനത്ത് ഭൂകേന്ദ്രീകരണത്തിന്റേതായ പൊതു പ്രശ്‌നങ്ങൾ അവസാനിച്ചിട്ടുണ്ടെങ്കിലും സൂക്ഷ്മ തലത്തിൽ നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നു.
കർഷകരുടെ പട്ടയ പ്രശ്‌നത്തിൽ ശക്തമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിയിട്ടുണ്ട്. ഇതുവരെ 1,06,450 പേർക്ക് പട്ടയം നൽകാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. കൈവശത്തിലുള്ള ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാനപരിധി ഒഴിവാക്കി. കൈവശത്തിലില്ലാത്ത ഭൂമി പതിച്ചുനൽകുന്ന കാര്യത്തിൽ കൈമാറ്റത്തിനുള്ള കാലപരിധി 25 വർഷത്തിൽ നിന്ന് 12 വർഷമാക്കി കുറച്ചു.
പട്ടികജാതി-പട്ടികവർഗക്കാരുടെ പ്രശ്‌നങ്ങൾ സവിശേഷമായി കണ്ടാണ് സർക്കാർ ഇടപെടുന്നത്. എസ്.ടി വിഭാഗത്തിലെ 2,824 പേർക്കായി 3123.62 ഏക്കർ ഭൂമി വിതരണം ചെയ്തിട്ടുണ്ട്. എസ്.സി വിഭാഗത്തിലെ 12,952 കുടുംബങ്ങൾക്കും പട്ടയം നൽകിയിട്ടുണ്ട്.
01.01.1970 ന് മുമ്പ് വനഭൂമി കൈവശം വച്ചിരുന്ന പട്ടികവർഗക്കാർക്ക് ആർ.ഒ.ആർ നൽകുന്ന നടപടി അവസാനിപ്പിച്ച് പ്രസ്തുത ഭൂമിക്ക് പട്ടയം തന്നെ നൽകുന്ന തീരുമാനവും ഈ സർക്കാർ വന്ന ശേഷം നടപ്പാക്കി.
ഇടുക്കിയിലെ ഭൂപ്രശ്‌നം
ഇടുക്കിയിലെ ഭൂപ്രശ്‌നം മറ്റു മേഖലയിൽ നിന്ന് വ്യത്യസ്തവും സങ്കീർണ്ണവുമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. സർക്കാരിന്റെ പ്രോത്സാഹനത്തിലൂടെ ഇവിടെ കുടിയേറി പാർത്തവരുണ്ട്. കാലാകാലങ്ങളായി ഇടുക്കിയിൽ താമസിക്കുകയും രേഖാപരമായി അത് തെളിയിക്കാൻ പറ്റാത്തവരും ഉണ്ട്. തോട്ടം മേഖലയുടെ രൂപീകരണ ഘട്ടത്തിൽ തൊഴിലിനായി എത്തിച്ചേരുകയും തലമുറകളായി അവിടെ താമസിക്കുകയും ചെയ്തവരുണ്ട്. ഈ മേഖലയിലെ കുടിയേറ്റത്തിലൂടെ കാർഷികോത്പാദനം വർദ്ധിപ്പിച്ചെടുക്കാം എന്നതായിരുന്നു കാഴ്ചപ്പാട്. അവരിൽ പലരും പിന്നീട് മറ്റു തൊഴിലിനായി മാറിത്താമസിക്കുകയും പട്ടയം കിട്ടാതെ ജീവിക്കേണ്ടിവരികയും ചെയ്തു.
ഇവരിൽ ചിലരെങ്കിലും പതിച്ച് കിട്ടിയ ഭൂമി കൈമാറിയ സ്ഥിതിയുമുണ്ട്. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണ ഘട്ടത്തിലും അതുപോലുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായും കുടിയേറിപാർത്തവരും ഇവിടെ ഉണ്ട്. ഇത്തരം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമി നഷ്ടപ്പെട്ടവരും ഈ മേഖലയിലുണ്ട്. 2000 ത്തിനുശേഷം വിനോദ സഞ്ചാരമേഖലയിലുണ്ടായ ഉണർവ്വിനെത്തുടർന്ന് ഇടുക്കിയിലും പ്രത്യേകിച്ച് മൂന്നാർ മേഖലയിലും ചെറുകിട സംരംഭങ്ങൾക്കായും വൻകിട റിസോർട്ടുകൾക്കായും ഭൂമി വിനിയോഗിക്കുന്ന സാഹചര്യം ഉണ്ടായി. തോട്ടം മേഖലയിലെ മാന്ദ്യം കാരണം തോട്ടങ്ങളുടെ കൈവശമുണ്ടായ ഭൂമി മറ്റു ആവശ്യങ്ങൾക്കായി പരിവർത്തനപ്പെടുത്തുന്ന സ്ഥിതി വന്നു. നിയമാനുസൃതമല്ലാത്തതും പരിസ്ഥിതി വിനാശകരവുമായ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു.
പലപ്പോഴും കോടതി ഇടപെടലുകളും പ്രാദേശിക ഭരണ സംവിധാനങ്ങളുടെ തീരുമാനങ്ങളും പ്രശ്‌നം കൂടുതൽ സങ്കീർണ്ണമാക്കി. കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും കേരളം പഠിച്ച എറ്റവും പ്രധാനപ്പെട്ട പാഠം പ്രകൃതിയോട് യോജിച്ചുനിൽക്കുന്ന നിർമ്മാണ രീതികളും വികസനപ്രവർത്തനങ്ങളുണ്ടാവണം എന്നതാണ്.
പുതിയ കേരളം കെട്ടിപ്പടുക്കുമ്പോൾ വ്യക്തികൾക്ക് അന്തസ്സായി ജീവിക്കാനുള്ള അവകാശവും ഉപജീവനമാർഗം കണ്ടെത്താനുള്ള അവസരവും ഒരുക്കുക എന്നത് പ്രധാനമാണ്. ഈ സമീപനത്തിലൂടെ ഇടുക്കിയുടെ വികസനത്തിന് സഹായകരമാവുന്ന ഒരു ചട്ടക്കൂട് ഉണ്ടാക്കിയെടുക്കയാണ് സർക്കാരിന്റെ ലക്ഷ്യം. കേരളത്തിന്റെ വൈദ്യുതി ആവശ്യത്തിൽ വലിയ പങ്ക് നിറവേറ്റുന്നതിനും നാണ്യവിളയിലൂടെ വിദേശ നാണ്യം നേടിത്തരുന്നതിനും ഇടുക്കി ജില്ലയിലെ ജനങ്ങൾ നൽകുന്ന സംഭാവന ഏറെ വലുതാണ്. ഇതു കണ്ടുകൊണ്ടുള്ള സമീപനമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ളത്.
ഇത്തരം സങ്കീർണ്ണമായ പ്രശ്‌നങ്ങൾ മനസ്സിലാക്കി ഇടപെടുന്നതിന് ഇത് സംബന്ധിച്ച് വിവിധ ചർച്ചകൾ ഉയർന്നുവന്നിരുന്നു. അനധികൃത കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സർക്കാർ ഭൂമി സ്വതന്ത്രമാക്കുന്നതിനും പാരിസ്ഥിതിക സംരക്ഷണം ഉറപ്പുവരുത്തുന്നതിനും അവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങളെ മനസ്സിലാക്കി ഇടപെടുന്നതിനും ഇടുക്കിയിലെ സാധാരണ ജനങ്ങൾക്ക് തങ്ങളുടെ ജീവനോപാധി ഉറപ്പുവരുത്തുന്നതിനും ഉതകുന്ന ഒരു നയം രൂപപ്പെടുത്തുന്നതിന് പ്രമുഖ വ്യക്തികളുടെയും പാരിസ്ഥിതിക പ്രവർത്തകരുടെയും നിരവധി യോഗങ്ങൾ നടത്തിയിരുന്നു. ഇത്തരം ചർച്ചകളുടെയും പൊതുവായി ഉയർന്നുവന്ന കാഴ്ചപ്പാടുകളെയും ഉൾക്കൊണ്ടുകൊണ്ട് ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുന്ന ഒരു നിലപാട് സ്വീകരിക്കാൻ ഉദ്ദേശിച്ചത്. അതിന്റെ അടിസ്ഥാനത്തിലുള്ള ചില തീരുമാനങ്ങൾ സർക്കാർ എടുത്തത്.
കോടതിയിൽ ഉയർന്നുവന്ന ഒരു കേസിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച തീരുമാനം എടുത്തിട്ടുള്ളത്.
പ്രധാന തീരുമാനങ്ങൾ
1. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് വ്യക്തമായ കണക്കുകൾ രൂപപ്പെടുത്തുന്നതിനുള്ള തീരുമാനം സർക്കാർ എടുത്തു.
• സർക്കാർ ഭൂമി കയ്യേറിയവ
• വീടിനും കൃഷിക്കുമായി പട്ടയം അനുവദിച്ചതും 12 വർഷത്തേക്ക് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമായ തുണ്ടു ഭൂമികൾ അത് പതിച്ചു കിട്ടിയവരിൽ നിന്നും കൈമാറ്റം ചെയ്തു വാങ്ങി ഒന്നിച്ചുചേർത്തിട്ടുള്ളവ,
• പതിച്ചു നൽകപ്പെട്ടിട്ടുള്ള ഭൂവിനിയോഗ വ്യവസ്ഥയിൽ നിന്നും വിഭിന്നമായ ആവശ്യത്തിന് ഉപയോഗിക്കുന്നവ,
• പട്ടയത്തിന്റെ നിബന്ധനകൾ ലംഘിക്കപ്പെടുകയോ, 21.01.2010 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിരാക്ഷേപ പത്രം, നിർമ്മാണ അനുമതി ഇല്ലാത്തവയോ ആയ നിർമ്മിതികൾ,
എന്നിങ്ങനെയുള്ളവ അനധികൃത കൈവശ ഭൂമിയായി പരിഗണിച്ച് വാഗമൺ ഉൾപ്പെടെ ഇടുക്കി ജില്ലയുടെ മൊത്തം കയ്യേറ്റങ്ങൾ പട്ടികപ്പെടുത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുവാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
2. 1964- ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ 15 സെൻറിൽ താഴെയുള്ള പട്ടയ ഭൂമിയിൽ ഉപജീവനാവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിക്ക് താഴെ തറവിസ്തൃതിയുമുള്ളതുമായ കെട്ടിടം മാത്രമാണുള്ളതെങ്കിൽ, അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ചു കഴിയുന്നവർക്കോ മറ്റൊരിടത്തും ഭൂമിയില്ല എന്ന് വ്യക്തമായി തെളിയിക്കുന്ന പക്ഷം (ആർ.ഡി.ഒയുടെ സർട്ടിഫിക്കറ്റ്) അപ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇത് സംബന്ധിച്ച മന്ത്രിസഭ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കുന്ന പൊതു ഉത്തരവിന്റെ തീയതി വരെയുള്ളവ ക്രമവൽക്കരിക്കുന്നതിന് 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു.
3. ഇതിനുപുറമെ 1964- ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ 15 സെൻറ് വരെയുള്ള പട്ടയ ഭൂമിയിൽ 1500 ചതുരശ്ര അടിയിലേറെ തറ വിസ്തൃതിയുള്ളതും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായ കെട്ടിടത്തിന്റെ കൈവശക്കാർ അത് അവരുടെ ഏക ജീവനോപാധിയാണെന്ന് വ്യക്തമായി തെളിയിക്കണം. അത്തരം സവിശേഷ സാഹചര്യം ജില്ലാ കളക്ടർ പ്രത്യേകം പരിശോധിച്ച് ഓരോ കേസിലും പ്രത്യേകം റിപ്പോർട്ട് തയ്യാറാക്കും. അത് തീരുമാനത്തിനായി സർക്കാരിലേക്ക് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം സർക്കാർ സ്വീകരിക്കും.
4. മുകളിൽ സൂചിപ്പിച്ച വിഭാഗങ്ങളിൽ ഉൾപ്പെടാത്ത പട്ടയ ഭൂമിയിലുള്ള വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ പട്ടയം റദ്ദ് ചെയ്ത് ഭൂമിയും നിർമ്മിതികളും സർക്കാരിലേക്ക് നിക്ഷിപ്തമാക്കുവാൻ തീരുമാനിച്ചു.
5. ഇപ്രകാരം ഏറ്റെടുക്കുന്നവ നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള നിരക്കുകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പാട്ടത്തിനു നൽകാൻ തീരുമാനിച്ചു.
6. മുൻ പറഞ്ഞ വിഭാഗത്തിൽ പെടാത്തതും സർക്കാർ ഭൂമി കൈയ്യേറി നിർമ്മാണം നടത്തിയിരിക്കുന്നതുമായ പട്ടയമില്ലാത്ത ഭൂമിയും നിർമ്മാണ പ്രവർത്തനങ്ങളും ഏറ്റെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കി പൊതു ആവശ്യങ്ങൾക്ക് ഉപയുക്തമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
7. അനധികൃതമായി നൽകിയ പട്ടയങ്ങളെന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയതും എന്നാൽ, സർക്കാർ അനുവദിച്ചതുമായ പട്ടയങ്ങളുടെ (രവീന്ദ്രൻ പട്ടയം) കാര്യം പരിശോധിക്കുന്നതിന് ഒരു അഞ്ചംഗ സമിതിയെ ഇതിനകം ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത സമിതി ഇത്തരത്തിൽ നൽകിയിട്ടുള്ള പട്ടയങ്ങൾ സംബന്ധിച്ച പരിശോധന സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അതിനനുസരിച്ചുള്ള തുടർ നടപടികൾ മൂന്ന് മാസത്തിനുള്ളിൽ കൈക്കൊള്ളേണ്ടതാണെന്നും തീരുമാനിച്ചു.
8. മൂന്നാർ ട്രൈബൂണലിന്റെ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ അവിടെ കൈകാര്യം ചെയ്തിരുന്ന കേസുകൾ എവിടെ നിന്നാണോ ട്രൈബ്യൂണലിൽ എത്തിച്ചേർന്നത് ആ കോടതികളിലേക്ക് തന്നെ മടക്കി നൽകുവാൻ തീരുമാനിച്ചുള്ള ഒരു ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശിപാർശ ചെയ്യുവാനും തീരുമാനിച്ചു.
9. ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയിൽ പട്ടയ വ്യവസ്ഥകൾ ലംഘിച്ച് വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങൾ ഭാവിയിൽ നടത്താതിരിക്കുന്നതിനായി ബന്ധപ്പെട്ട കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഏത് ആവശ്യത്തിനാണ് പ്രസ്തുത പട്ടയം അനുവദിച്ചതാണെന്നുള്ള വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലേ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാവൂ എന്ന വ്യവസ്ഥ ഉൾപ്പെടുത്തി ചട്ടം ഭേദഗതി ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.
10. മൂന്നാർ പ്രദേശത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് അനുഗുണമായവിധം മാത്രമായിരിക്കണമെന്നും ഉപയോഗിക്കുന്ന വൈദ്യുതിയുടെ മുഖ്യ പങ്കും സോളാർ പാനൽ സ്ഥാപിച്ച് ഉത്പാദിപ്പിക്കണമെന്നും, മഴവെള്ള സംഭരണി നിർമ്മിക്കണമെന്നും മെച്ചപ്പെട്ട മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കണമെന്നുമുള്ള നിബന്ധനകൾ ഉൾപ്പെടുത്തിക്കൊണ്ട് വട്ടവട, ചിന്നക്കനാൽ ഒഴികെയുള്ള മേഖലകൾ ഉൾപ്പെടുന്ന ഒരു ടൗൺ പ്ലാനിംഗ് സ്‌കീമിന് രൂപം നൽകുന്നതാണ്. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് സത്വര നടപടി സ്വീകരിക്കുന്നതാണ്.