കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജില്ലയിലെ ജനങ്ങൾക്ക് സഹായ ഹസ്തവുമായി ജില്ലാഭരണകൂടത്തിനൊപ്പം സന്നദ്ധ സംഘടനകളും കൈകോർക്കുന്നു. ദുരിതാശ്വസപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കളക്ട്രേറ്റിൽ വിളിച്ച് ചേർത്ത യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുളള സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് അമ്പതോളം പേർ പങ്കെടുത്തു. രക്ഷാപ്രവർത്തനത്തിനുളള വളണ്ടിയർമാർ, ദുരിതാശ്വാസ ക്യാമ്പുകളിലേക്കുളള ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, കൗൺസലിംഗ്, ആരോഗ്യപരിചരണം, പഠനോപകരണങ്ങൾ തുടങ്ങി നിർലോഭമായ സഹായവാഗ്ദാനമാണ് പ്രതിനിധികൾ ഉറപ്പുനൽകിയത്.

സന്നദ്ധ സംഘടനകൾ സമാഹരിക്കുന്ന അവശ്യസാധനങ്ങൾ താലൂക്കുതലങ്ങളിൽ സജ്ജീകരിച്ച കളക്ഷൻ സെന്ററുകൾ വഴി ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ അർഹതപ്പെട്ടവർക്ക് എത്തിക്കുന്നതിനുളള സൗകര്യം ഏർപ്പെടുത്തിയതായി ജില്ലാകളക്ടർ എ.ആർ. അജയകുമാർ പറഞ്ഞു. സംഘടനകൾക്ക് നേരിട്ട് സാധനസാമഗ്രികൾ വിതരണം ചെയ്യാനുളള അനുമതി ഉണ്ടാവില്ല. ഓരോ ക്യാമ്പിലും റവന്യൂ ഉദ്യോഗസ്ഥരാണ് വിതരണത്തിന് മേൽനോട്ടം വഹിക്കുക. അടിയന്തരമായി ക്യാമ്പിലേക്ക് പുതപ്പുകൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുളള വസ്ത്രങ്ങളും അടിവസ്ത്രങ്ങളും, നാപ്കിൻ പാഡുകൾ തുടങ്ങിയവ എത്തിക്കുന്നതിനുളള സഹായം സന്നദ്ധ സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിനായി വീടു നിർമ്മിച്ച നൽകൽ, വെളളംകയറിയും മരങ്ങൾ വീണും കേടുപാടുകൾ സംഭവിച്ച വിടുകൾ വാസയോഗ്യമാക്കൽ, ചോർച്ചയുളള വീടുകൾക്ക് ഷീറ്റ് മേയൽ തുടങ്ങിയ കാര്യങ്ങളിലും സംഘടനകൾ സഹായ സന്നദ്ധ പ്രകടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ്, ആരോഗ്യവകുപ്പ്, ചൈൽഡ്ലൈൻ തുടങ്ങിയവയുടെ മേൽനോട്ടത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും മാനസിക സംഘർഷം കുറക്കുന്നതിനായി കൗൺസിലിംഗ് ആരംഭിക്കും. യോഗത്തിൽ സേവനം വാഗ്ദാനം ചെയ്ത മെഡിക്കൽ സംഘങ്ങളുടെ ക്യാമ്പുകൾ ആരോഗ്യവകുപ്പ് മുഖേന ഏകോപിപ്പിക്കും.

യോഗത്തിൽ സ്പെഷ്യൽ ഓഫീസർ യു.വി ജോസ്, എ.ഡി.എം കെ.അജീഷ്, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സർക്കാർ നിയോഗിച്ച സർവ്വെ ഡയറക്ടർ വി.ആർ പ്രേംകുമാർ, തലശ്ശേരി സബ് കളക്ടർ ആസിഫ്, മുൻ ഐഎഎസ് ഓഫീസർ ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

താലൂക്കുതല മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ
1. മാനന്തവാടി സബ് കളക്ടർ ഓഫീസ്: 04935 240231,
9061742901

2. സുൽത്താൻബത്തേരി താലൂക്ക് ഓഫീസ്: 04936 220296,
9447895936

3. കൽപ്പറ്റ എസ്‌കെഎംജെ ജൂബിലി ഹാൾ: 04936 255229,
9400616386