വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ പലതരം രോഗങ്ങള്‍ പടരാനുള്ള സാഹചര്യം ഉണ്ടെന്നും ഇതിനെതിരേ അതീവ ശ്രദ്ധയും പ്രവര്‍ത്തനവും ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ അറിയിച്ചു.
എലിമൂത്രം കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ള എല്ലാവരും എലിപ്പനി രോഗത്തിനെതിരേയുള്ള ഡോക്‌സീസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണം.
100 മില്ലിഗ്രാമിന്റെ രണ്ടു ഗുളിക ഒരുമിച്ച് ആഴ്ചയില്‍ ഒരിക്കല്‍ മുന്‍കരുതലായി മുതിര്‍ന്ന ആളുകള്‍ കഴിക്കണം. പ്രായ വ്യത്യാസം അനുസരിച്ച് ഡോസിന് വ്യത്യാസമുണ്ട്. ഡോക്‌സിസൈക്ലിന്‍ ഗുളിക എല്ലാ ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി ലഭിക്കും. ഓരോ പ്രളയ പുനരധിവാസ കേന്ദ്രങ്ങളിലും ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അല്ലെങ്കില്‍ ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ആരോഗ്യ ചുമതലകള്‍ക്കായി ഉണ്ടാകും. ഇതു കൂടാതെ ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം ദിവസവും എത്തി പരിശോധനയും ചികിത്സയും നല്‍കും.
എലിപ്പനിക്കു പുറമേ ചെളിയിലും മണ്ണിലും അപൂര്‍വമായി കാണപ്പെടുന്ന ഒരു പ്രത്യേക രോഗാണു മൂലം ഉണ്ടാകുന്ന പനിയും മരണവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി ഡിഎംഒ അറിയിച്ചു. ഈ രോഗത്തിന് പ്രതിരോധ മരുന്നുകള്‍ നിലവില്‍ ലഭ്യമല്ല. ചെളിയിലും മണ്ണിലും മതിയായ വലിപ്പത്തിലുള്ള കാലുറകള്‍ ഇല്ലാതെ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം.
ചെളിയില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. എന്തെങ്കിലും പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും സേവന സന്നദ്ധരായി ആരോഗ്യ കേന്ദ്രങ്ങളിലും ക്യാമ്പുകളിലും ഉണ്ട്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വെള്ളപ്പൊക്കം മൂലം കിണര്‍ ഉള്‍പ്പെടെ കുടിവെള്ളം ലഭിക്കുന്ന ഉറവിടങ്ങളെല്ലാം മലിനമായിട്ടുണ്ട്. ഇത്തരം ഉറവിടങ്ങളിലെല്ലാം ആഴ്ചയില്‍ രണ്ടു പ്രാവശ്യം എങ്കിലും മതിയായ രീതിയില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേഷന്‍ നടത്തി ജലം അണുവിമുക്തമാക്കി മാത്രമേ ഉപയോഗിക്കാവു. ക്ലോറിനേഷന്‍ നടത്തിയ ജലമാണെങ്കില്‍ കൂടി അഞ്ച് മിനിറ്റെങ്കിലും വെട്ടിത്തിളപ്പിച്ച് ആറിച്ച വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു. ബ്ലീച്ചിംഗ് പൗഡര്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും സൗജന്യമായി ലഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.