2019ലെ മലയാള ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്യും. നവംബർ ഒന്നുമുതൽ ഏഴുവരെ ഭരണഭാഷാവാരമായി ആഘോഷിക്കും. നവംബർ ഒന്നിന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അധ്യക്ഷതയിൽ ഭരണഭാഷാസമ്മേളനം സംഘടിപ്പിച്ച് ഉദ്യോഗസ്ഥർക്ക് ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കണം.

സ്‌കൂളുകളിൽ മലയാളദിനത്തിൽ ചേരുന്ന അസംബ്‌ളിയിൽ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാർഥികളും പ്രതിജ്ഞ എടുക്കണം.വാരാഘോഷക്കാലത്ത് വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, സമ്മേളനങ്ങൾ, സത്്‌സേവനരേഖയും ഭരണഭാഷാസേവന പുരസ്‌കാരവും ഭരണഭാഷാഗ്രന്ഥരചനാ പുരസ്‌കാരവും ലഭിച്ചവർക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം. വിവിധ വകുപ്പുകൾക്ക് യോജിച്ചതും ഭാഷാമാറ്റപുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും നടപ്പാക്കാം.

ഓഫീസുകളിൽ ഓരോദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്‌ളീഷ് പദങ്ങളും സമാന മലയാളപദങ്ങളും എഴുതി പ്രദർശിപ്പിക്കണമെന്നും ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വിശദീകരിക്കുന്നു.