2021ൽ നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെ തയ്യാറെടുപ്പുകൾ സംസ്ഥാനതല സെൻസസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ യോഗം അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസിന്റെ അധ്യക്ഷതയിൽ അവലോകനം ചെയ്തു. പത്ത് വർഷത്തിലൊരിക്കലാണ് കേന്ദ്രസർക്കാർ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്.
രാജ്യത്തിലെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പും സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത് ജനസംഖ്യാ കണക്കെടുപ്പുമാണ്  നടക്കുന്നത്.  ചീഫ് സെക്രട്ടറി ചെയർമാനും പൊതുഭരണ, റവന്യൂ, പ്ലാനിംഗ്, തദ്ദേശസ്വയംഭരണ, പൊതുവിദ്യാഭ്യാസ, വിവര-സാങ്കേതിക വകുപ്പ് സെക്രട്ടറിമാർ, കേന്ദ്ര സർക്കാരിന്റെ സെൻസസ് ഡയറക്ടർ എന്നിവർ അംഗംങ്ങളുമായുള്ള കമ്മിറ്റി ഒരുക്കങ്ങളുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു.
 ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെൻസസ് കമ്മിഷണർ ആൻഡ് രജിസ്ട്രാർ ജനറൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ യോഗത്തിൽ പങ്കെടുത്തു.  സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സെൻസസ് കമ്മിഷണറാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്.
രണ്ടു ഘട്ടങ്ങളായാണ് ഇത്തവണ സെൻസസ്.  ആദ്യ ഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻ 2020 ഏപ്രിൽ-മെയ് കാലയളവിലും രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി ഒൻപത് മുതൽ 28 വരെയുമാണ് നടത്തുന്നത്.  ഇത്തവണ ഒന്നാംഘട്ട സെൻസസ് പ്രവർത്തനങ്ങളോടൊപ്പം നാഷണൽ പോപ്പുലേഷൻ രജിസ്റ്ററിന്റെ (എൻപിആർ) പുതുക്കലും നടത്തുന്നുണ്ട്.  ആദ്യമായി മൊബൈൽ ഫോൺ വഴി ആപ്പ് ഉപയോഗിച്ച് വിവര ശേഖരണം നടത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.  ഇതിനായി വർദ്ധിപ്പിച്ച ഓണറേറിയമാണ് സെൻസസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് നൽകുക.
പൊതുഭരണ വകുപ്പാണ് സംസ്ഥാനതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.  പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയെ സംസ്ഥാനതല കോ-ഓർഡിനേറ്ററായി നിയമിച്ചിട്ടുണ്ട്.  ജില്ലാ കളക്ടർമാരാണ് അതത് ജില്ലയിലെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാരായി പ്രവർത്തിക്കേണ്ടത്.  അധ്യാപകരെയും മറ്റു സർക്കാർ ജീവനക്കാരെയുമാണ് പ്രധാനമായും എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരുമായി നിയമിക്കുന്നത്.