പേട്ട – ആനയറ – ഒരു വാതില്‍കോട്ട റോഡ് വികസനം ഉടന്‍ ആരംഭിക്കുമെന്ന് ടൂറിസം ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അറുപത്തിയഞ്ച് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വികസനത്തിന് കിഫ്ബിയില്‍ നിന്ന് 45 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പതിനാലു മീറ്റര്‍ വീതിയില്‍ ആധുനിക രീതിയിലാണ് റോഡ് നിര്‍മ്മിക്കുക. ഇതിന് സ്ഥലമേറ്റെടുക്കുന്നതുള്‍ പ്പെടെയുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മണ്ഡലത്തിലെ അമ്പലത്തിന്‍കര, വലിയവേളി പ്രദേശങ്ങളിലെ 89 പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഡെപ്യൂട്ടി കളക്ടര്‍ വി.ആര്‍ വിനോദ് യോഗത്തില്‍ അറിയിച്ചു. കരിക്കകം, ആനയറ, ചെന്നിലോട്, ഉള്ളൂര്‍ പ്രദേശങ്ങളിലെ അന്‍പതോളം അപേക്ഷകള്‍ പരിശോധിച്ച് പട്ടയം വിതരണം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. കെ വാസുകി, ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രഘുപതി, റവന്യൂ സര്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.