കൊച്ചി ഐരാപുരത്ത് ഭർത്താവിനെ തേടിയെത്തിയ ഉത്തർപ്രദേശുകാരിയ ജബീൻ ഷേഖിനും മകനും വനിതാ കമ്മീഷൻ സംരക്ഷണവും നിയമസഹായവും വാഗ്ദാനം ചെയ്തു. ഇന്നലെ രാത്രി കമ്മീഷനംഗം അഡ്വ. ഷിജി ശിവജി ഇവരെ സന്ദർശിച്ചു. ഐരാപുരത്തെ വീടിൻറെ ടെറസിൽ ഒരുമാസമായി കഴിയുന്ന ഇവരുടെ കാര്യത്തിൽ പോലീസ് സ്വീകരിച്ച നടപടികൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹം കഴിച്ച് പത്ത് വർഷം മുന്പ് ഭർത്താവ് കടന്നുകളഞ്ഞുവെന്നും ഐരാപുരത്തെ വീട്ടിൽ മൂന്നുമാസത്തോളം താമസിച്ചിട്ടുണ്ടെന്നുമാണ് യുവതി പറയുന്നത്. ഇവർ എത്തിയതോടെ ഭർത്താവ് ഒളിവിൽ പോയിരിക്കുകയാണ്. വനിതാ കമ്മീഷൻറെ ഷെൽട്ടർ ഹോമിലേക്കോ സാമൂഹിക നീതി വകുപ്പിൻറെ സംരക്ഷണ കേന്ദ്രത്തിലേക്കോ മാറിത്താമസിക്കുന്നതിന് കമ്മീഷൻ അവസരമൊരുക്കും. ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹരജി ഈ മാസം 24 ന് പരിഗണിക്കുകയാണ്. അതിനു ശേഷം ജബീൻ ഇക്കാര്യത്തിൽ അഭിപ്രായം പറയും.