ആരോഗ്യമുളള ജീവിതത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ഓര്‍മിപ്പിച്ച് ബീച്ച് പരിസരത്ത് സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന വെല്‍ക്കം 2020 കാമ്പയിന്റെ ഭാഗമായാണ് പരിപാടി. സൈക്കിള്‍ റാലിയില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് തലവന്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സൈക്കിള്‍ ബ്രിഗേഡ് വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ 100 ലധികം ആളുകളാണ് പങ്കെടുത്തത്. സൈക്കിള്‍ റാലി സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു.
പുതുവര്‍ഷം സന്തോഷവും ആരോഗ്യവുമുള്ള ഹരിത വര്‍ഷം എന്ന സന്ദേശവുമായി ജനുവരി 26 വരെയാണ് വെല്‍ക്കം 2020 കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് ജില്ലയിലെ 139 ഹയര്‍ സെക്കന്ററി സ്‌കൂകളിലെ 13900 എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു കൊണ്ട് നടത്തുന്ന സ്‌നേഹ രാഗസമന്വയത്തിന്റെ ഉദ്ഘാടനം പരപ്പില്‍ എം.എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ എസ്. ശ്രീചിത് അധ്യക്ഷത വഹിച്ചു.
പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് പുതുവര്‍ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍ കുമാര്‍, ആര്‍ ടി ഒ പിഎം സുഭാഷ് ബാബു, ഹരിത കേരളമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ്, ഗ്രീന്‍ കെയര്‍ മിഷന്‍ ചെയര്‍മാന്‍ കെ ടി എ നാസര്‍, സൈക്കിള്‍ അസോസിയേഷന്‍ സ്റ്റേറ്റ് മെമ്പര്‍ ടിപി അബ്ദുല്‍ ഷഫീക്, കാലിക്കറ്റ് ചേംബര്‍ പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, എന്‍.എസ്.എസ് സിറ്റി ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ എം കെ ഫൈസല്‍, കെ എന്‍ റഫീഖ്, ബൈസിക്‌സ് കോഴിക്കോട് സൈക്കിള്‍ മേയര്‍ സാഹിര്‍ അബ്ദുല്‍ ജബ്ബാര്‍, പരപ്പില്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍ കെ കെ ജലീല്‍, ഹെഡ്മാസ്റ്റര്‍ സിസി ഹസ്സന്‍, പി ടി എ പ്രസിഡന്റ് റാഫി മുഗതാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത കേരള മിഷന്റെ സഹകരണത്തോടെ നടത്തുന്ന ക്വിറ്റ് പ്ലാസ്റ്റിക് യൂസ് ക്ലോത് ബാഗ് സന്ദേശ പ്രചരണാര്‍ത്ഥം ഉള്ള സൈക്കിള്‍ റൈഡ് , ഫോട്ടോ പ്രദര്‍ശനം, സൈക്കിള്‍ ബ്രിഗേഡ് സമ്മിറ്റ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടത്തുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സന്നദ്ധരായ സാമൂഹിക പ്രതിബദ്ധതയും സേവന തല്‍പരതയും ആരോഗ്യവുമുളള പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനായി കോഴിക്കോട് ജില്ലാ ഹയര്‍സെക്കണ്ടറി എന്‍ എസ്എസ്, ഗ്രീന്‍കെയര്‍ മിഷന്‍ ഗ്രാന്റ് സൈക്കിള്‍ ചലഞ്ച് എന്നിവയുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് രൂപം നല്‍കിയ സംവിധാനമാണ് കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. ജില്ലയിലെ 139 ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.