സർക്കാർ ഓഫീസുകളും പരിസരങ്ങളും മാലിന്യമുക്തമാക്കുന്നതിന് ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ഓഫീസ് മേധാവികൾ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ അമിത് മീണ ആവശ്യപ്പെട്ടു. ‘മാലിന്യ രഹിത മലപ്പുറം’ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ഉദ്യോഗസ്ഥരും പൊതുജനങ്ങളും സഹകരിക്കണം. കലക്ടറുടെ ചേമ്പറിൽ നടന്ന ശുചിത്വമിഷൻ, ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ, ക്ലീൻ സിവിൽ സ്റ്റേഷൻ – ഗ്രീൻ സിവിൽ സ്റ്റേഷൻ എന്നിവയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ.
ഓഫീസ് മേധാവികൾ ഓഫീസിലെയും പരിസരത്തിന്റെയും ശുചിത്വം ഉറപ്പ് വരുത്തണം. ശുചിമുറികൾ, വാഷ്‌ബെസിനുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കാൻ നിർദ്ദേശം നൽകണം. വേനൽക്കാലത്ത് ജലക്ഷാമ സാധ്യതയുള്ളതിനാൽ ഓഫീസുകളിലും ശുചിമുറികളിലൂടെയും വെള്ളം പാഴായി പോവുന്നത് ഒഴിവാക്കണം. ഇത് തടയാനായി ആവശ്യമായ റിപ്പയർ പ്രവൃത്തികൾ നടത്തണം. ഇതിനാവശ്യമായ ഫണ്ട് അതത് വകുപ്പിൽ നിന്ന് ആവശ്യപ്പെടണം.
എല്ലാമാസവും മൂന്നാമത്തെ ബുധനാഴ്ച വൈകീട്ട് അഞ്ച് മുതൽ ആറ് വരെ ജീവനക്കാർ സിവിൽ സ്റ്റേഷൻ വൃത്തിയാക്കും. ഇതിന് ഓരോ ഓഫീസിലെയും ജീവനക്കാരുടെ പങ്കാളിത്തം ഓഫീസ് മേധാവികൾ ഉറപ്പ് വരുത്തണം. ഇതേ മാതൃക ജില്ലയിലെ മറ്റ് ഓഫീസുകൾക്കും സ്വീകരിക്കാവുന്നതാണ്. ഏതെങ്കിലും സർക്കാർ ഓഫീസുകളിൽ പ്രത്യേക പരിപാടികൾ നടത്തുമ്പോൾ ഗ്രീൻ പ്രോട്ടോകോൾ സംരക്ഷണത്തിനും മാലിന്യ സംസ്‌കരണത്തിനും ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സനെ രണ്ട് ദിവസം മുമ്പ് വിവരം അറിയിക്കണം. ഫോൺ 9037991411.
ഓഫീസുകളിൽ കെട്ടികിടക്കുന്ന ഇലക്‌ട്രോണിക് വേസ്റ്റുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ കലക്ടർ നിർദ്ദേശം നൽകി.
സിവിൽ സ്റ്റേഷൻ സൗന്ദര്യ വൽക്കരണത്തിന് സ്വകാര്യ ആർകിടെക്റ്റുമാരുടെ സേവനം ഉപയോഗപ്പെടുത്തും. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും വേനൽക്കാലത്ത് ജല ലഭ്യത ഉറപ്പ് വരുത്തും. ഇത് സംബന്ധിച്ച റിപ്പോർട്ട് ജല അതോറിറ്റി ജനുവരി 31നകം കലക്ടർക്ക് സമർപ്പിക്കണം.
എ.ഡി.എം ടി. വിജയൻ, അസിസ്റ്റന്റ് കലക്ടർ അരുൺ കെ വിജയൻ, ഡെപ്യൂട്ടി കലക്ടർമാരായ വി. രാമചന്ദ്രൻ, ജെ.ഒ. അരുൺ, ഹരിത കേരളം കോഡിനേറ്റർ പി. രാജു, ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.