ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് സംഘടിപ്പിച്ച 2018-19 ലെ യൂത്ത് പാർലമെന്റ് മത്സരത്തിൽ മികച്ച പാർലമെന്റേറിയൻമാരായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ നിയമ പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലനെ സന്ദർശിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ പഠനമേഖലയുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യതകൾ ആദ്യമേ മനസിൽ കാണണമെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസമാണ് ഇന്ന് ലഭിക്കുന്നത്. പൊതുവിദ്യാഭ്യാസരംഗം ഇന്ന് ഏറെ ശ്രദ്ധ നേടുകയാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ചേംബറിൽ നടന്ന മുഖാമുഖത്തിൽ നിരവധി സമകാലിക വിഷയങ്ങൾ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.

വിദ്യാർത്ഥികൾക്കുള്ള മെമന്റോയും സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.  25 പേർ സമ്മാനത്തിനർഹരായി. ഓരോ ജില്ലയിൽ നിന്നും രണ്ട് പേരെ വീതമാണ് മികച്ച പാർലമെന്റേറിയൻമാരായി തെരഞ്ഞെടുത്തത്. ഒൻപതാം ക്ലാസു മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സിന്റെ ആഭിമുഖ്യത്തിൽ വിജയികൾക്കായി സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ഡിംപി. വി. ദിവാകരൻ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

ആസൂത്രണ ബോർഡ് കോൺഫറൻസ് ഹാളിൽ വിദ്യാർഥികൾക്കായി നടക്കുന്ന ദ്വിദിന ക്യാമ്പിൽ ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ എഴുപതാണ്ടുകൾ’ എന്ന വിഷയത്തിൽ പ്രൊഫ: കെ.എൻ. ഗണേഷ് ക്ലാസ്സെടുത്തു. തുടർന്ന് ഡോ. ദിവ്യ എസ്. അയ്യർ, ഡോ: ഡിംപി വി. ദിവാകരൻ, പരിസ്ഥിതി പ്രവർത്തകൻ എൽദോ പച്ചിലക്കാടൻ, സൈക്കോളജിസ്റ്റ് ആന്റോ മൈക്കിൾ തുടങ്ങിയവർ ക്യാമ്പ് അംഗങ്ങളുമായി വിവിധ വിഷയങ്ങളിൽ സംവദിച്ചു.