തിരുവനന്തപുരം: നെടുമങ്ങാട് കിള്ളിയാര്‍ മിഷന്റെ ഭാഗമായി കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തി മൂല മുതല്‍ വഴയില പാലം വരെ 22 കിലോ മീറ്റര്‍ ശുചീകരിക്കുന്ന പരിപാടി ഈ മാസം 14ന് നടക്കും. കരകവിയാത്ത കിള്ളിയാര്‍ എന്ന പരിപാടിയില്‍ കിള്ളിയാറിന്റെ 31 കൈത്തോടുകളും ശുചീകരിക്കും.

30,000 ലധികം പേര്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. 14 ന് രാവിലെ എട്ടിന് കിള്ളിയാറിന്റെ തീരങ്ങളില്‍ നടക്കുന്ന ഉദ്ഘാടനത്തില്‍ മന്ത്രിമാരായ ഡോ. ടിഎം. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ്. സുനില്‍ കുമാര്‍, കെ. രാജു, കെ. കൃഷ്ണന്‍കുട്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ പങ്കെടുക്കും.

ഡി.കെ. മുരളി എം.എല്‍.എയാണ് സംഘാടക സമിതി ചെയര്‍മാന്‍.  നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു ബി. കണ്‍വീനറാണ്.  ശുചീകരണ യജ്ഞം സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. നെടുമങ്ങാട് നഗരസഭയിലും സമീപത്തെ പഞ്ചായത്തുകളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ശുചീകരണ പ്രതിജ്ഞ ചൊല്ലും. യോഗത്തില്‍ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.