കൊച്ചി: പതിറ്റാണ്ടുകൾക്കും നൂറ്റാണ്ടുകൾക്കുമപ്പുറത്തെ കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകൾ സമാഹരിച്ച പുസ്തകങ്ങളുമായി സംസ്ഥാന ആർക്കൈവ്സ് വകുപ്പ് കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ജനശ്രദ്ധയാകർഷിക്കുന്നു. മലയാളം ലിപിയുടെ വികാസം സൂചിപ്പിക്കുന്ന പ്രാചീന ലിപി മാതൃകകൾ മുതൽ മലബാർ, കൊച്ചി, തിരുവതാംകൂർ തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ പ്രധാനപ്പെട്ട ഔദ്യോഗിക രേഖകളുൾപ്പെടുന്ന പുസ്തകങ്ങൾ വരെ ആർക്കൈവ്സ് വകുപ്പിന്റെ സ്റ്റാളിലുണ്ട്. തെരഞ്ഞെടുത്ത സർക്കാർ തിട്ടൂരങ്ങൾ, തെരഞ്ഞെടുത്ത രാജകീയ വിളംബരങ്ങൾ എന്നിവയാണ് മറ്റു രണ്ട് പ്രധാന പുസ്തകങ്ങൾ.

രാജർഷി, ഒഴിഞ്ഞ വല്യമ്പ്രാൻ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന 1895 മുതൽ 1914 വരെ കൊച്ചി ഭരിച്ച രാമവർമ പതിനഞ്ചാമന്റെ ഇംഗ്ലീഷിലുള്ള ആത്മകഥയാണ് ആർക്കൈവസ് സ്റ്റാളിലെ മറ്റൊരു വിസ്മയം. 1917-ൽ പുനെയിൽ വെച്ചാണ് സ്വാതന്ത്ര്യസമരനായകൻ ബാല ഗംഗാധര തിലകൻ അദ്ദേഹത്തെ കൊച്ചിയിലെ രാജർഷി എന്ന് സംബോധന ചെയ്തത്. ‘ഇദ്ദേഹം രാജകുമാരന്മാർക്കിടയിലെ ഉന്നതപണ്ഡിതനായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ പണ്ഡിതർക്കിടയിലെ രാജാവാണ് എന്ന് ഇപ്പോൾ മനസ്സിലായി,’ എന്നാണ് തിലകൻ പറഞ്ഞത്. കൃതിയിൽ വെച്ച് ഈ പുസ്തകത്തിന്റെ ഒരു കോപ്പി കയ്യിലെടുത്ത് പ്രശസ്ത എഴുത്തുകാരൻ എൻ എസ് മാധവൻ പറഞ്ഞത് കൊച്ചിയെ കൊച്ചിയാക്കിയ ആളുടെ ആത്മകഥയാണിതെന്നാണ്.

വണ്ടിയോടിക്കാനാവാത്ത പാലാരിവട്ടം പാലമുള്ള ഇന്നത്തെ കൊച്ചിയിലിരുന്ന് കൊച്ചി-ഷൊർണൂർ റെയിൽപ്പാളം പണിയാൻ പൂർണത്രയീശന്റെ 15 സ്വർണനെറ്റിപ്പട്ടങ്ങളിൽ 14-ഉം സംഭാവന ചെയ്ത രാജർഷിയുടെ ആത്മകഥ വായിക്കാനുള്ള അവസരമാണ് അങ്ങനെ ആർക്കൈവ്സ് സ്റ്റാളിലൂടെ കൃതി ഒരുക്കുന്നത്.

തിരുവിതാംകൂർ രാജാക്കൻമാർ വിവിധ വകുപ്പ് അധ്യക്ഷൻമാർക്ക് അയച്ച താളിയോല രൂപത്തിലുള്ള നീട്ടുകളുടെ വിവരങ്ങളാണ് തിരുവതാംകൂർ നീട്ടുസൂചികയെന്ന ഗ്രന്ഥത്തിൽ. കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ ഭരണകാലത്തെ ഔദ്യോഗിക പ്രഖ്യാപനങ്ങളടക്കമുള്ള വിവരങ്ങളടങ്ങിയ ശക്തൻ തമ്പുരാൻ, തിരഞ്ഞെടുത്ത രേഖകൾ, സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ചരിത്രമടങ്ങിയ കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ഡിസാസ്റ്റർ മാനജ്മെന്റ്, കേരളചരിത്രത്തിലെ സുപ്രധാന രേഖകളുൾപ്പെട്ട ചരിത്ര രശ്മികൾ എന്നിവയും കൗതുകകരമായ അറിവുകളിലേക്ക് വെളിച്ചം വീശുന്നു. തിരുവന്തപുരം സെൻട്രൽ ആർക്കൈവ്സ്, കൊച്ചി, കോഴിക്കോട് റീജിയണൽ ആർക്കൈവ്സുകൾ എന്നിവിടങ്ങളിലെ രേഖകളുടെ സൂചികകൾ, ആർക്കൈവ്സ് വകുപ്പിന്റെ ജേണലായ താളിയോല, ആർക്കൈവ്സ് ബുള്ളറ്റിൻ എന്നിവയ്ക്കൊപ്പം ലക്ഷദ്വീപിന്റെ ചരിത്രവും ബ്രിട്ടിഷ് മലബാറുമായി ബന്ധപ്പെട്ട ഔദ്യോഗിക റിപ്പോർട്ടുകളുമടക്കം രേഖകൾ അടിസ്ഥാനമാക്കിയുള്ള വിശദവും സൂക്ഷ്മവുമായ ചരിത്രത്തിൽ താൽപര്യമുള്ളവർക്കെല്ലാം ഒഴിച്ചുകൂടാനാവാത്ത നിധിയാണ് കൃതിയുടെ ആർക്കൈവ്സ് സ്റ്റാളിൽ തുറന്നു വെച്ചിരിക്കുന്നത്.

വട്ടെഴുത്തും കോലെഴുത്തുമെന്ന നിലയിൽ വികസിച്ച മലയാളം ലിപിയുടെ മാറ്റവും വിവിധ ചരിത്രരേഖകളിൽ മലയാളം എഴുതുന്നതിനായുപയോഗിച്ച ലിപികളും അവയെക്കുറിച്ചുള്ള വിവരങ്ങളുമാണ് കേരളത്തിന്റെ പ്രാചീന ലിപികൾ എന്ന പുസ്തകത്തിലുള്ളത്. കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തെക്കുറിക്കുന്ന പുസ്തകങ്ങളും പുരാരേഖാ വകുപ്പ് പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം, സ്വാതന്ത്ര്യ സമര സേനാനികളുടെ നിരോധിക്കപ്പെട്ട കൃതികൾ, സ്വാതന്ത്ര്യ സമര സേനാനികളുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ എന്നിവയുടെ വിവിധ പതിപ്പുകളും സ്റ്റാളിലുണ്ട്. ഒപ്പം വൈക്കം സത്യാഗ്രഹം കടയ്ക്കൽ പോരാട്ടം എന്നിവ സംബന്ധിച്ച രേഖകളുൾപ്പെട്ട പുസ്തകങ്ങളും.