അറിവിലൂടെ സമ്പന്നനാകൂ ശാസ്ത്രത്തിലൂന്നി ശക്തനാകൂ എന്ന സന്ദേശവുമായി തദ്ദേശസ്വയംഭരണ വകുപ്പും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്ര ജില്ലയില്‍ പര്യടനം തുടങ്ങി.
ഡിജിറ്റല്‍ സാക്ഷരത, ഹരിതകേരളം, ശുചിത്വകേരളം, തൊഴില്‍ നൈപുണ്യം തുടങ്ങിയവയുടെ പ്രചാരണത്തിനായി സജ്ജീകരിച്ച എട്ടു വാഹനങ്ങളടങ്ങുന്ന സംഘത്തിന്റെ പര്യടനം നിലമേല്‍ പഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് എ.എം. റാഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിനു സാബു അധ്യക്ഷനായി. പഞ്ചായത്ത്  സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ അക്കരവിള സജീവ്, സെക്രട്ടറി പ്രതാപചന്ദ്രന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി എന്‍. ജയചന്ദ്രന്‍, ഭാരവാഹികളായ ക്യാപ്റ്റന്‍ രാജീവ്, സുരേഷ്‌കുമാര്‍, നിഖില്‍, കുടുബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, അങ്കണവാടി അധ്യാപകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
സേവനത്തില്‍ മികവ് പുലര്‍ത്തിയ ആശാ വര്‍ക്കര്‍ ശൈലജ, പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തകന്‍ ശിവകുമാര്‍, ചുമട്ടു തൊഴിലാളി ഷിബു എന്നിവരെ ആദരിച്ചു. കൃഷി പാഠങ്ങള്‍ ഉള്‍ക്കൊളളുന്ന ഹൈറേഞ്ച് പരിപാലന സംഘത്തിന്റെ തേന്‍വണ്ടിയും ബുക്ക്മാര്‍ക്കിന്റെ പുസ്തകവണ്ടിയും ഡിജിറ്റല്‍ സാക്ഷരതാ സന്ദേശവാഹനവും കാര്‍ഷിക ക്ഷേമ വകുപ്പ്, ജനമൈത്രി പോലീസ്, ആരോഗ്യവകുപ്പ്, അനര്‍ട്ട് തുടങ്ങിയവയുടെ വാഹനങ്ങളുമാണ് ഗ്രാമ-ബ്ലോക്ക്തല പര്യടനത്തിന്റെ ഭാഗമാകുന്നത്. പര്യടനം ഇന്ന് (ജനുവരി 30) സമാപിക്കും.