ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നിക്ഷേപകരെ സഹായിക്കുന്നതിനുള്ള കേന്ദ്രങ്ങളായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ നിക്ഷേപകർക്ക് ഉപദേശങ്ങൾ നൽകാൻ കേന്ദ്രങ്ങൾക്ക് കഴിയണം.

ആഴ്ചയിലൊരിക്കൽ ഉദ്യോഗസ്ഥർക്ക് പുറമെ വ്യവസായ വിദഗ്ധരെക്കൂടി കേന്ദ്രത്തിലെത്തിച്ച് നിക്ഷേപകർക്ക് ദിശാബോധം പകരണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പൊതുമേഖല സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് സംവിധാനം ശാസ്ത്രീയമാവണം. ഇതിനാവശ്യമായ പരിശീലന പരിപാടികൾ വ്യവസായ വകുപ്പ് സംഘടിപ്പിക്കണം. സി. ഇ. ഒ, എം. ഡി എന്നിവർക്ക് പുറമെ ദൈനംദിന ചുമതലകൾ നിർവഹിക്കാൻ മുഴുവൻ സമയ ഡയറക്ടറെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാർഷിക രംഗവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകണം.

നാളികേരപാർക്കുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. റബറിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കായി സിയാൽ മോഡലിൽ ഒരു ഫാക്ടറി സ്ഥാപിക്കും. ഇതിനായി എച്ച്. എൻ. എലിലെ സ്ഥലം പ്രയോജനപ്പെടുത്തും. കാർഷികോത്പന്നങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് ഒട്ടേറെ സാധ്യതയുണ്ട്.

പുതിയ വ്യവസായ എസ്‌റ്റേറ്റുകൾ സ്വകാര്യ പങ്കാളിത്തത്തോടെ ഒരുക്കുന്നത് പരിഗണനയിലാണ്. ഇപ്പോൾ കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത് സ്റ്റാർട്ട് അപ്പുകളാണ്. ഐ. ടിയ്‌ക്കൊപ്പം മറ്റു മേഖലകളിലും സ്റ്റാർട്ട് അപ്പുകൾ ഉണ്ടാവണം. സ്റ്റാർട്ട് അപ്പ് സംവിധാനം വികസിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രവാസികൾക്കുൾപ്പെടെ സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതെത്തുന്നതിന് നിർണായകമായത് വ്യവസായ രംഗത്തെ മികച്ച പ്രകടനമാണ്. 2018ൽ 68 പോയിന്റ് നേടിയ സ്ഥാനത്ത് 2019ൽ 88 പോയിന്റ് നേടാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി ഇ. പി. ജയരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ എന്നിവർ സംസാരിച്ചു.