കാസർഗോഡ്: ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനും ജില്ലാ വികസന സമിതി മാതൃകയാവുന്നു. ജില്ലാ വികസന സമിതിയില്‍ ഒരു വര്‍ഷത്തിനിടെ പരിഹാരം കണ്ടെത്തിയത് 400 ഓളം വിഷയങ്ങളിലാണ്. ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കാന്‍ സാധ്യതയുണ്ടായിരുന്ന സാങ്കേതിക അനുമതി ആവശ്യമുള്ള വിഷയങ്ങളും ഇതില്‍പെടുന്നു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷനായ സമിതിയാണ് സത്വര വേഗത്തില്‍ വിവിധ പ്രശ്നങ്ങളില്‍ നടപടി കൈകൊണ്ട് ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് പച്ചക്കൊടി വീശുന്നത്.
അഞ്ച് ദിവസം മുന്‍പ് തന്നെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന അജണ്ട, മുന്‍യോഗത്തിലെ തീരുമാനം എന്നിവ പ്രതിപാദിക്കുന്ന കുറിപ്പ് ജന പ്രതിനിധികള്‍ ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നല്‍കും. യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്ന പദ്ധതികളെകുറിച്ച്  ജനപ്രതിനിധികള്‍ക്ക് മുന്‍ധാരണ ലഭിക്കാനും ആ പദ്ധതികളെ കുറിച്ച് കൂടുതല്‍ പഠിച്ച് ആവശ്യമായ ഭേദഗതികളും നിര്‍ദേശങ്ങളും യോഗത്തില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കും. ഇത് പദ്ധതികളുടെ നടത്തിപ്പിന് ഗുണം ചെയ്യുന്നതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ്.സതത്യപ്രകാശ് പറഞ്ഞു.
 യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന അജണ്ടയുടെ ഡിജിറ്റല്‍ അവതരണമാണ് കാസര്‍കോട് ജില്ലാ വികസന സമിതി യോഗത്തിന്റെ മറ്റൊരു പ്രത്യേകത. ഇത് എളുപ്പത്തില്‍ വിഷയം യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മനസിലാക്കികൊടുക്കുന്നതിനും സമയം ലാഭിക്കുന്നതിനും സഹായിക്കുന്നു.
അധ്യക്ഷന്റെ പ്രസംഗത്തിന് ശേഷം കഴിഞ്ഞ മാസത്തെ യോഗത്തിന്റെ തുടര്‍ നടപടികളുടെ അവലോകനം, ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍, എം.എല്‍.എ ഫണ്ട് പുരോഗതി അവലോകനം, വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി അവലോകനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി അവലോകനം, എം.പി ലാഡ് പദ്ധതി പുരോഗതി അവലോകനം, അധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ് ഇനങ്ങള്‍ എന്നിവയാണ് ഓരോ ജില്ലാ വികസന സമിതി യോഗത്തിലും ചര്‍ച്ച ചെയ്യുന്നത്. യോഗത്തില്‍ തീരുമാനമാകാതെ അടുത്ത യോഗത്തിലേക്ക് മാറ്റിവെക്കുന്ന വിഷയങ്ങള്‍ തീര്‍പ്പാകും വരേയും അജണ്ടയില്‍ ചേര്‍ക്കുന്നതും കാസര്‍കോട് ജില്ലാ വികസന സമിതിയുടെ പ്രത്യേകതയാണ്. 2019 ജനുവരി മുതല്‍ ഇതുവരെ നടന്ന 10 ജില്ലാ വികസന സമിതി യോഗങ്ങളിലായി എഴുപത് ശതമാനത്തിലധികം ഹാജര്‍ രേഖപ്പെടുത്തിയത് ഈ യോഗത്തിന്റെ സംഘാടന മികവിനുള്ള തെളിവാണ്.
തെരഞ്ഞെടുപ്പ് പോലുള്ള സാഹചര്യങ്ങളില്‍ മാറ്റി വെയ്ക്കുന്ന യോഗം തൊട്ടടുത്ത മാസം ആദ്യ വാരത്തില്‍ തന്നെ സംഘടിപ്പിക്കാനും ശ്രദ്ധിക്കാറുണ്ട്. ജില്ലയില്‍ പൂര്‍ത്തീകരിച്ച പ്രവര്‍ത്തനങ്ങളും അടുത്തതായി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളും നേട്ടങ്ങളും കാഴ്ചപ്പാടുകളും വിശകലനം ചെയ്യുന്ന വേദിയാണ് ഓരോ ജില്ലാ വികസന സമിതി യോഗവും. നാടിന്റെ സ്പന്ദനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജില്ലാ വികസന സമിതി യോഗങ്ങളുടെ കൃത്യമായ നടത്തിപ്പ് ജില്ലയുടെ സമഗ്ര പുരോഗതിയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ്. ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ആത്മാര്‍ത്ഥ സഹകരണമാണ് ജില്ലാ വികസന സമിതി യോഗത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. പൂര്‍ണമായും ദൃശ്യചാരുതയോടെ വിവരവിനിമയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ജില്ലാ വികസന സമിതി യോഗങ്ങള്‍ ചേരുന്നത്.
ജില്ലാ കളക്ടര്‍ ചെയര്‍മാനായ വികസന സമിതി യോഗത്തില്‍ ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ കണ്‍വീനറും ജില്ലാതല ഉദ്യോഗസ്ഥര്‍ ഔദ്യോഗിക അംഗങ്ങളും ജനപ്രതിനിധികള്‍ അനൗദ്യോഗിക അംഗങ്ങളും ആണ്. മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും വികസന സമിതിയില്‍ പകരം പ്രതിനിധികളെ പങ്കെടുപ്പിക്കാം. എന്നാല്‍ എം.എല്‍.എ മാര്‍ നേരിട്ട് പങ്കെടുക്കണം.