കോവിഡ് 19  പ്രധാന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്‍കരുതലുകളെ സംബന്ധിച്ച് മാസ്‌ക് വിതരണം ചെയ്തും കൈകഴുകല്‍ രീതി വിശദീകരിച്ചും കൊറോണ വൈറസ് വ്യാപനവും നിയന്ത്രണവും എങ്ങനെയെന്നതു സംബന്ധിച്ച് ക്ലാസ് നടത്തിയും കൊറോണ ബോധവത്കരണ  ക്യാമ്പയിന്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ചു.  കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗവും മര്‍ച്ചന്റ് യൂത്ത് വിങ്ങും ചേര്‍ന്നാണ് കോവിഡ് 19 ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ കൊറോണ ബോധവത്ക്കരണ കാമ്പയിന്‍ നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

ലോകം മുഴുവന്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന കൊറോണ രോഗം എന്താണ്? എങ്ങനെയാണ് പടരുക? എന്തെല്ലാം മുന്‍കരുതലുകളാണ് ഓരോ വ്യക്തിയും സ്വീകരിക്കേണ്ടത് തുടങ്ങി കോവിഡ് 19 സംബന്ധിച്ച് ഒരു മനുഷ്യ മനസില്‍ ഉണ്ടായേക്കാവുന്ന എല്ലാ സംശയങ്ങളും ദൂരീകരിച്ചു കൊണ്ടു നടന്ന ക്യാമ്പയിന്‍ ഏറെ ജനശ്രദ്ധ നേടി. കൊറോണ രോഗം സംബന്ധിച്ച് ഡോക്ടര്‍ അനില്‍ പ്രദീപ് വിശദീകരിച്ചു. പൊതുജനങ്ങള്‍ക്ക് നേരിട്ട് സംശയ നിവാരണം നടത്തുന്നതിനുള്ള അവസരവും നല്കി. ബസ് ജീവനക്കാര്‍, യാത്രക്കാര്‍, വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍, ശുചീകരണക്കാര്‍ തുടങ്ങി ക്യാമ്പയിന്‍ സമയത്ത് സ്റ്റാന്റിലുണ്ടായിരുന്ന എല്ലാവര്‍ക്കും സൗജന്യമായി മാസ്‌ക് വിതരണം ചെയ്തു. കൂടാതെ സാനിറ്ററൈസര്‍ സ്‌പ്രേ ഉപയോഗിച്ച് കൈ ശുചീകരിക്കുന്ന രീതി വിശദീകരിച്ചു.

ആളുകള്‍ക്ക് ഇത് പരിശീലിക്കുവാനുള്ള അവസരവും നല്കി. പൊതുജനങ്ങള്‍ക്ക്  ഉപയോഗിക്കുവാനായി രണ്ട് സാനിറ്ററൈസര്‍ ഉള്‍പ്പെടെയുള്ള സംവിധാനവും സ്റ്റാന്റില്‍ സ്ഥാപിച്ചു. ബസ് സ്റ്റാന്റിലെത്തിയ യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും വിവിധ വ്യാപാര സ്ഥാപനങ്ങളിലുള്ളവര്‍ക്കായി ലഘുലേഖകളും  വിതരണം ചെയ്തു. ഉദ്ഘാടന പരിപാടിക്ക് മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് സിജോ മോന്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ സി.കെ.മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആറ്റ്‌ലി. പി. ജോണ്‍, മാര്‍ച്ചന്റ് അസോസിയേഷന്‍ ജില്ല ജനറല്‍ സെക്രട്ടറി കെ.പി.ഹസ്സന്‍, കട്ടപ്പനയൂണിറ്റ് പ്രസിഡന്റ് എം.കെ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.