കോവിഡ്19 രോഗവ്യാപനം തടയാനുള്ള സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ ഉൾപ്പെടെയുള്ള കർക്കശ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ നിർദേശങ്ങൾ ആരാധധനാലയങ്ങൾ പാലിച്ചില്ലെങ്കിലും കർശന നടപടിയുണ്ടാകും.

സമൂഹത്തിന്റെയാകെയുള്ള രക്ഷയെക്കരുതിയാണ് സർക്കാർ നടപടികൾ.  ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ല. സർക്കാർ പറയുന്നതിനപ്പുറമുള്ള നിയന്ത്രണമാണ് സമൂഹം ആഗ്രഹിക്കുന്നത്. നിർദേശങ്ങൾ ഭൂരിപക്ഷം ആരാധനാലയങ്ങളും മതസമുദായനേതാക്കളും അംഗീകരിക്കുകയും പൂർണപിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. അതേസമയം ചിലയിടത്ത് ആൾക്കൂട്ടം ഉണ്ടാകുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇതൊഴിവാക്കണമെന്ന് വീണ്ടും സർക്കാർ അഭ്യർഥിക്കുകയാണ്.

കാസർകോട് നാം നിരുത്തരവാദത്തിന്റെ വലിയ ദൃഷ്ടാന്തം കണ്ടതിനെത്തുടർന്നാണ് കർശനനിയന്ത്രങ്ങൾ ഏർപ്പെടുത്തേണ്ടിവന്നത്. കാസർകോട് ജില്ലാഭരണകൂടം സഹയാത്രികരിൽനിന്നും സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നുമുള്ള വിവരം ഉപയോഗിച്ച് ഈ രോഗിയുടെ റൂട്ട് മാപ്പ് ഭാഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടർമാർ നിരവധി തവണ കൗൺസിലിംഗ് നടത്തി വിവരശേഖരം നടത്തിയിട്ടും അവ്യക്തതയും ദുരൂഹതയും നിലനിൽക്കുന്നു. ഇതിൽ കൂടുതൽ പരിശോധന ആവശ്യമാണ്. ഇത്തരത്തിൽ സമൂഹത്തെ വഞ്ചിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

നാടാകെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമ്പോഴും ചിലർക്ക് ഇപ്പോഴും നേരംവെളുത്തിട്ടില്ല എന്നതാണ് പ്രശ്നം. അവർക്ക് കൂടി വേണ്ടിയാണ് ഇത്തരം ക്രമീകരണങ്ങൾ സ്വീകരിക്കുന്നതെന്ന് തിരിച്ചറിയണം. ഇവ പാലിക്കാൻ തയാറായില്ലെങ്കിൽ കർശനനടപടികളിലേക്ക് പോകും.
ഇത്തരക്കാർക്കെതിരെ ക്രമസമാധന സംരക്ഷണം ഉറപ്പാക്കുന്ന രീതിയിൽ പോലീസ് ഇടപെടാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലകളിൽ എസ്.പിമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ക്രമസമാധനപാലന ചുമതലയുള്ള എസ്.പിമാർക്ക് പുറമേ മറ്റ് മേഖലകളിലെ എസ്.പിമാരെയും പ്രത്യേകമായി ചുമതലപ്പെടുത്തി.

കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ നിരീക്ഷണത്തിലുള്ളവർ സർക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളിൽ താമസിക്കുന്നതാണ് അഭികാമ്യം. ഹൃദ്രോഗം, കാൻസർ, പെട്ടെന്ന് രോഗം ബാധിക്കാൻ സാധ്യതയുള്ളവർ തുടങ്ങിയവർ വീട്ടിലുള്ളവരും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. വീട്ടിൽ ആരും ഇല്ലാത്തവർക്കും പ്രത്യേക കേന്ദ്രത്തിൽ സൗകര്യമൊരുക്കും.

ആവശ്യസേവനം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി എന്നിവരടങ്ങിയ സമിതി രൂപീകരിക്കും. ഡേറ്റാ മാനേജ്മെൻറ് സന്ദർഭാനുസരണം കൊണ്ടുപോകുന്നതിന് ദുരന്ത നിവാരണ ഓഫീസിൽ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കും.

ഗതാഗതം, ചരക്കുനീക്കം എന്നിവ സംബന്ധിച്ച കാര്യങ്ങൾ പൊതുഭരണസെക്രട്ടറി, ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവർ അടങ്ങിയ സമിതി മേൽനോട്ടം വഹിക്കും.
സംസ്ഥാനത്തേക്കുള്ള ചരക്കുവാഹനങ്ങൾ അതിർത്തിയിൽ തടയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തമിഴ്നാട് ചീഫ് സെക്രട്ടറി ഉറപ്പുനൽകിയിട്ടുണ്ട്.

ബസുകളിൽ ദീർഘദൂരയാത്രകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. വിമാനത്താവളങ്ങളിൽ എത്തുന്നവർ എഴുതിനൽകുന്ന ഡിക്ലറേഷൻ ലംഘിച്ചാൽ കർശന നടപടിയെടുക്കും.
കടകൾ അടയ്ക്കാൻ പോകുന്നുവെന്നുൾപ്പെടെ അനാവശ്യ പ്രചാരണങ്ങൾ നടത്തരുത്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്നും അവശ്യവസ്തുക്കൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യജീവിതം ഉറപ്പാക്കിക്കൊണ്ടുള്ള പ്രതിരോധമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. വ്യാപാരികൾ ഹോം ഡെലിവറി സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം.

ശാരീരിക അകലം പാലിക്കൽ വളരെ പ്രധാനമാണെന്നും അത് കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് കർശനമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹാർബറുകളിൽ മത്സ്യലേലതിരക്കൊഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി വില കണക്കാക്കി മത്സ്യം വിൽക്കും.
നവമാധ്യമങ്ങളിൽ ഇടപെടുന്നവർ രോഗവ്യാപനം തടയാനുള്ള പ്രചാരണങ്ങളാണ് നടത്തേണ്ടത്.

ഞായറാഴ്ച ജനത കർഫ്യൂ ദിനത്തിൽ വീട്ടിലിരിക്കുന്നവർ വീടും പരിസരവും ശുചിയാക്കണം. നവമാധ്യമങ്ങളിലൂടെ വൈകുന്നേരം ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കണം.

ക്വാലാലമ്പൂരിൽ കുടുങ്ങിയ 250 വിദ്യാർഥികളെ നാട്ടിലെത്താൻ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. ബാങ്കുകളിലെ നാലുശതമാനം പലിശയുള്ള സ്വർണപണയ വായ്പ തിരിച്ചടവിനുള്ള തീയതി ജൂൺ 30 വരെ നീട്ടണമെന്ന് സംസ്ഥാന ബാങ്കേഴ്സ് ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രിക്ക് കത്തയക്കും. ബാങ്കുകളിലെ തിരക്കൊഴിവാക്കുന്ന നിലയിൽ സമയം ക്രമീകരിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ സാമ്പിളുകൾ പരിശോധിക്കാൻ സംസ്ഥാനത്തെ മൂന്നു സർക്കാർ മെഡിക്കൽ കോളേജുകളിൽ കൂടുതൽ ഷിഫ്റ്റ് ഏർപ്പെടുത്തും. ആവശ്യമായ സൗകര്യങ്ങളുള്ള സ്വകാര്യ ലാബുകളെയും ടെസ്റ്റിംഗ് സാങ്കേതിക വിദ്യയുള്ള സ്വകാര്യ സ്ഥാപനങ്ങളെയും സഹകരിപ്പിക്കാൻ നടപടിയെടുക്കും.
രോഗനിർണയത്തിന് റാപ്പിഡ് ടെസ്റ്റ് സംവിധാനത്തിന് ഐ.സി.എം.ആറിന്റെ അനുമതി ലഭിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സംബന്ധിച്ചു.