ഒരാള്‍ക്ക് സമ്പര്‍ക്കം വഴി
കണ്ണൂർ ജില്ലയില്‍ അഞ്ചു പേര്‍ക്ക് ചൊവ്വാഴ്ച(ജൂണ്‍ 9) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രണ്ടു പേര്‍ വിദേശങ്ങത്ത് നിന്നും രണ്ടു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി മെയ് 27ന് കുവൈറ്റില്‍ നിന്ന് ജെ9-1405 വിമാനത്തിലെത്തിയ തോട്ടട സ്വദേശി 59 കാരനും മെയ് 31ന് നൈജീരിയയില്‍ നിന്ന് പി4-7812 വിമാനത്തിലെത്തിയ ആലക്കോട് സ്വദേശി 31 കാരിയുമാണ് വിദേശത്ത് നിന്ന് എത്തിയവര്‍.
മെയ് 23ന് ചെന്നൈയില്‍ നിന്നെത്തിയ മൗവ്വഞ്ചേരി സ്വദേശി 20കാരന്‍, മുംബൈയില്‍ നിന്നെത്തിയ  കോട്ടയംമലബാര്‍ സ്വദേശി 28 കാരി എന്നിവരാണ് കോവിഡ് ബാധിച്ച മറ്റു രണ്ടു പേര്‍. തില്ലങ്കേരി സ്വദേശി 60കാരനാണ് സമ്പര്‍ക്കം മൂലം രോഗം ബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 267 ആയി. ഇതില്‍ 146 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ ജില്ലയില്‍ 9735 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 52 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 84 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 33 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 28 പേരും വീടുകളില്‍ 9538 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9182 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8799 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8297 എണ്ണം നെഗറ്റീവാണ്. 379 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.