ഇടുക്കി: ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് രാജാക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യവകുപ്പ്, പൊലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ കൂട്ടി യോജിപ്പിച്ചാണ് പ്രതിരോധം ശക്തിപ്പെടുത്തിയിരിക്കുന്നത്.
മുന്‍കരുതലിന്റെ ഭാഗമായി രാജാക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനുള്ള സൗകര്യങ്ങളും ഒരുക്കി. ഇവിടെ  55 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. രോഗികള്‍ക്ക് പുറമേ ജീവനക്കാര്‍ക്കുള്ള താമസ സൗകര്യവും കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ഒരുക്കും.
കഴിഞ്ഞ ഒരാഴ്ചകാലമായി രാജാക്കാട്. പഞ്ചായത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുകയും ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും കടുത്ത നിയന്ത്രണങ്ങളാണ് പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനൊപ്പം നിലവില്‍ നീരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങാന്‍ പാടില്ലെന്നും ഇവര്‍ ക്വാറണ്ടയിന്‍ ലംഘിക്കുന്നുണ്ടോയെന്നറിയാന്‍ പോലീസ്  പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.
 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക്  അവശ്യ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ച് നല്‍കുന്നതിന് സന്നദ്ധ സേനയും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ വാര്‍ഡുകള്‍ തിരിച്ച് ജാഗ്രത സമിതി രൂപികരിച്ച് പ്രവര്‍ത്തനം ഏകോപ്പിക്കുന്നുണ്ട്. കൊവിഡ് രോഗികളുമായി ബന്ധപ്പെട്ടവരെയോ രോഗലക്ഷണം ഉള്ളവരെയോ ടെസ്റ്റിംഗിന് വിധേയമാക്കാന്‍ വിവിധ വാര്‍ഡുകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൊവിഡ് ടെസ്റ്റിംഗ് ലാബുകളും തുറന്നിട്ടുണ്ട്. ഹോമിയോ ഡിസ്പന്‍സറിയിലൂടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്.