രാജ്യത്ത് കുട്ടികൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് 2012 ൽ കൊണ്ടുവന്ന നിയമമാണ് പോക്സോ അഥവാ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾ നേരിടുന്ന penterativ–e sexual assault, sexual assault, sexual harassment എന്നിവയാണ് പോക്സോ നിയമത്തിൽ വരുന്നത്. ലൈംഗിക ബന്ധം മാത്രമല്ല, കുട്ടികളുടെ അശ്ലീല ചിത്രം സൂക്ഷിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും കുട്ടികൾ അപമാനിക്കുന്ന വിധമുള്ള മറ്റ് പ്രവർത്തനങ്ങളും കേസിന്റെ പരിധിയിൽ വരുന്നു. പോക്സോ നിയമം ചുമത്തപ്പെടുന്ന പ്രതിക്ക് കേസ് ഒത്തുതീർപ്പാക്കാനുള്ള പഴുതില്ലാതാകുന്നു. കേസിന്റെ ഓരോ സ്റ്റേജിലും ബാലസൗഹൃദ അന്തരീക്ഷം ഉറപ്പു വരുത്തണമെന്നും നിയമം അനുശാസിക്കുന്നു.
ഈ നിയമം സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള ധാരണക്കുറവു കൊണ്ടുതന്നെ പലപ്പോഴും ഇത്തരം കേസുകളിൽ ഉചിതമായ ഇടപെടലുകൾ ഇല്ലാതിരിക്കുകയോ സമയത്ത് ഉണ്ടാകാതിരിക്കുകയോ ചെയ്യുന്നുണ്ട്. പലപ്പോഴും ഇരയാക്കപ്പെടുന്ന കുട്ടികളുടെ ട്രോമ അവസ്ഥ മാറ്റമില്ലാതെ വർഷങ്ങളോളം നിലനിൽക്കുകയും കേസുകൾ മുതിർന്നവർ തമ്മിൽ ഒത്തുതീർപ്പാകുകയും ചെയ്യാറുണ്ട്. മറ്റു പല കാരണങ്ങളോടുമൊപ്പം കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് പൊതുസമൂഹത്തിനുള്ള ധാരണക്കുറവും ഇത്തരം ഒത്തുതീർപ്പിന് കാരണമാകുന്നുണ്ട്.

കേരള പോലീസിന്റെ കണക്കനസരിച്ച് 2017 ൽ 2658 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കോട്ടയം ജില്ലയിൽ ഇത് 145 ആണ്. 2016 ൽ സംസ്ഥാനമൊട്ടാകെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ 2122 ആണ്. കോട്ടയം ജില്ലയിൽ ഇത് 112 ആണ്. 2015ൽ 1583 കേസുകൾ സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്യപ്പെട്ടു. കോട്ടയത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത് 71 കേസുകളാണ്. മൂന്നു വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ വരുന്ന വർദ്ധന സമൂഹത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതിന്റെ സൂചനകളാണ് നൽകുന്നത്. ഇത്തരം കുറ്റകൃത്യങ്ങളെ ഗൗരവത്തോടെ കാണാനും നിയമപരമായി ഇടപെടാനും പൊതുസമൂഹത്തിനും അവരെ അതിന് പ്രാപ്തരാക്കുന്നതിന് മാധ്യമ സമൂഹത്തിനും കഴിയേണ്ടതുണ്ട്.
പോക്സോ നിയമം സംബന്ധിച്ച സാമൂഹിക ബോധം ഇനിയും രൂപപ്പെടേണ്ടതുണ്ട്. ഈ നിയമത്തെ കുറിച്ചും ഇരയാക്കപ്പെടുന്ന കുട്ടിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ വിവിധ സ്റ്റേജുകളിലായി നടക്കുന്ന ഇടപെടലുകൾ വരെ സമൂഹത്തിന്റെ പൊതുബോധത്തിൽ ഉറപ്പിക്കേണ്ടതുണ്ട്. കേസിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് സമൂഹത്തിലുള്ള സ്ഥാനമോ കുട്ടിയുമായള്ള ബന്ധമോ നോക്കാതെ തന്നെ നിയമത്തിനു മുന്നിൽ എത്തിക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഒരു കുട്ടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാതെ പോകുന്നതും നിയമ പ്രകാരം കുറ്റകരമാണ്.
പോക്സോ നിയമം സംബന്ധിച്ച് വ്യക്തമായ മാധ്യമ കാഴ്ചപ്പാടും രൂപപ്പെടേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കോട്ടയം പ്രസ് ക്ലബും സംയുക്തമായി ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, ബാലാവകാശ കമ്മീഷൻ, ശിശുക്ഷേമ സമിതി എന്നിവയുടെ സഹകരണത്തോടെ 2018 മാർച്ച് രണ്ടിന് മാധ്യമശില്പശാല സംഘടിപ്പിക്കും. കോട്ടയം പ്രസ് ക്ലബിൽ രാവിലെ 10.30ന് നടക്കുന്ന ശില്പശാല പത്മവിഭൂഷൺ ജസ്റ്റിസ് കെ.റ്റി. തോമസ് ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ശ്രീ. ടി. വി. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. പ്രമുഖ മാധ്യമ പ്രവർത്തകരായ ശ്രീ. ഗൗരിദാസൻ നായർ, ഡോ. സെബാസ്റ്റ്യൻ പോൾ, ശ്രീ. ചെറുകര സണ്ണി ലൂക്കോസ് എന്നിവർ മാധ്യമ കാഴ്ചപ്പാട് പങ്കുവയ്ക്കും. ജില്ലാ കളക്ടർ ഡോ. ബി. എസ്. തിരുമേനി, ജില്ലാ പോലീസ് മേധാവി ശ്രീ. വി.എം. റഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ ഈ വിഷയത്തിൽ ജില്ലയിലെ പ്രശ്നങ്ങളും പരിഹാരവും സംബന്ധിച്ച് ചർച്ച നടക്കും. പരിപാടിയുടെ വിജയത്തിന് ഏവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.