എല്ലാ മലയാളികൾക്കും ഹൃദയപൂർവമായ ഓണാശംസകൾ നേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അപ്പുറത്ത് അനുകൂലമായ പ്രകാശപൂർണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ. ആ പ്രതീക്ഷയുടെ കൈത്തിരികൾ മനസിൽ വെളിച്ചം പടർത്തട്ടെ. ഇക്കാലത്ത് അതിന് പ്രത്യേകമായൊരു പ്രാധാന്യമുണ്ട്. ഓണം ഭാവിയെക്കൂടി പ്രസക്തമാക്കുന്ന ഒരു സങ്കൽപ്പമാണ്. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന കാലം പണ്ടുണ്ടായിരുന്നു എന്ന് ആ സങ്കൽപ്പം പറഞ്ഞുതരുന്നു. അതുകൊണ്ടുതന്നെ വറ്റാത്ത ഊർജത്തിന്റെ കേന്ദ്രമാണ് ആ സങ്കൽപ്പം.
എല്ലാ മനുഷ്യരും ഒരുമയിൽ സമത്വത്തിൽ, സ്നേഹത്തിൽ, സമൃദ്ധിയിൽ കഴിയുന്ന ഒരു കാലം ഉണ്ടാവണമെന്ന് ആഗ്രഹിച്ച് അതിനായി യ്തനിക്കുന്ന ആർക്കും അളവിൽ കവിഞ്ഞ പ്രചോദനം പകർന്നുതരും ആ സങ്കൽപ്പം.
ആ യത്‌നങ്ങൾ സഫലമാകട്ടെ. എല്ലാവിധ വേർതിരിവുകൾക്കും അതീതമായി, എല്ലാവിധ ഭേദചിന്തകൾക്കും അതീതമായി സന്തോഷത്തോടെ എല്ലാ മനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്റെ പിറവിക്കായി എന്നം പ്രചോദനമാകട്ടെ ഓണം.
കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട് പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് നമുക്ക് ഓണം ആഘോഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും സന്നദ്ധസേനാ പ്രവര്‍ത്തകര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും  ജീവനക്കാര്‍ക്കും  കോവിഡ് പ്രതിരോധ രംഗത്തുള്ള മറ്റെല്ലാവര്‍ക്കും ഹൃദയംഗമായ ആശംസകള്‍ ഒരിക്കല്‍ക്കൂടി നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.