സംസ്ഥാനത്ത് പ്രവർത്തിക്കുന്ന  മൾട്ടിലെവൽ മാർക്കറ്റിംഗ്/ഡയറക്ട് സെല്ലിംഗ് കമ്പനികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നു. ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പി.തിലോത്തമൻ സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ ഓൺലൈനായി രജിസ്ട്രേഷൻ പോർട്ടൽ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് കമ്പനികളെക്കുറിച്ച് മനസിലാക്കാനുള്ള സുതാര്യ സംവിധാനമായിരിക്കും പോർട്ടലെന്ന് മന്ത്രി പറഞ്ഞു. കമ്പനികളെ  നിരീക്ഷിക്കാൻ സാധിക്കുന്നതിലുടെ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും തട്ടിപ്പ് തടയാനും സാധിക്കും. മൾട്ടി ലെവൽ മർക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് മേഖലയുടെ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് കമ്പനികളെ സംബന്ധിച്ച ഡാറ്റാ ശേഖരണത്തിനും നിരീക്ഷണത്തിനുമായി രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയത്.
മൾട്ടി ലെവൽ മർക്കറ്റിംഗ്, ഡയറക്ട് സെല്ലിംഗ് മേഖലയുടെ നിരീക്ഷണത്തിനായി പോലീസ്, ധനകാര്യം, നിയമം, ഉപഭോക്തൃകാര്യം, കേന്ദ്ര സംസ്ഥാന ജി എസ് റ്റി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സ്ഥിരം നിരീക്ഷണ സമിതിയും നിലവിൽ വന്നു. ഉപഭോക്തൃത സംരക്ഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പോർട്ടൽ സഹായകമാകും.
ചടങ്ങിൽ ഭക്ഷ്യ  സെക്രട്ടറി പി.വേണുഗോപാൽ, ഡയറക്ടർ ഹരിത വി.കുമാർ, ഡോ. ജോസഫ് തോമസ് തൂങ്കുഴി, റേഷനിംഗ് കൺട്രോളർ കെ.റസിയ എന്നിവർ പങ്കെടുത്തു.