സ്വയംപര്യാപ്ത ക്ഷീരകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ക്ഷീരഗ്രാമം പദ്ധതിയിലൂടെ കഴിയും -മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ :സ്വയംപര്യാപ്ത ക്ഷീരകേരളം എന്ന ലക്ഷ്യം പൂർത്തിയാക്കാൻ ക്ഷീര ഗ്രാമം പദ്ധതിയിലൂടെ സാധിക്കുമെന്നും, 2016 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ പാൽ ഉത്പാദനത്തിൽ നേട്ടം കൈവരിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ഷീര -മൃഗപരിപാലന മേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

2016 മുതൽ നടപ്പാക്കി വരുന്ന ക്ഷീര ഗ്രാമം പദ്ധതിയിലൂടെ ക്ഷീര മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചുവെന്നും. കർഷകർക്ക് പശുക്കളെ വാങ്ങുന്നതിനും , തൊഴുത്ത് നിർമിക്കുന്നതിന്, തീറ്റപ്പുൽ വികസന പദ്ധതി, കറവയന്ത്രം വാങ്ങുന്നതിന് , കമ്പോസ്റ്റ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ക്ഷീരഗ്രാമം പദ്ധതി വഴി ധന സഹായം നൽകും. പുതിയ സംരംഭകർക്കും, നിലവിലുള്ള കർഷകർക്കും ഒരു പോലെ പ്രയോജന മാകുന്നതാണ് ക്ഷീരഗ്രാമം പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. 25 ക്ഷീരഗ്രാമങ്ങളാണ് സംസ്ഥാനത്ത് പുതിയതായി നടപ്പിലാക്കുന്നത്, ക്ഷീര -മൃഗ പരിപാലന മേഖലയിൽ നടപ്പാക്കുന്ന 150 വ്യവസായ ആട് വളർത്തൽ യൂണിറ്റ്, 1000ചെറുകിട ആട് വളർത്തൽ യൂണിറ്റുകൾ, 800 ഗോട്ട് സാറ്റ്ലൈറ്റ് യൂണിറ്റ്, 500 കേന്ദ്രങ്ങളിൽ ആടുകൾക്ക് കൃത്രിമ ബീജ ധാനം, 15 കേരള ചിക്കൻ ഔട്ട്ലറ്റ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

ജില്ലയിൽ ചേർത്തല തെക്ക്, വള്ളിക്കുന്നം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ചേർത്തല തെക്ക് പഞ്ചായത്ത് ക്ഷീര ഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ നിർവഹിച്ചു. കോവിഡ് പ്രതിസന്ധി മറികടക്കാൻ കാർഷിക മേഖലക്കൊപ്പം തന്നെ പ്രാധാന്യത്തോടെ കരുതേണ്ട മേഖലയാണ് ക്ഷീര മേഖലയെന്ന് മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉരുക്കളെ കേരളത്തിൽ കൊണ്ടുവന്ന് കാലാവസ്ഥക്കനുസൃതമായി പരിപാലിക്കുക എന്നത് വലിയ ദൗത്യമാണ്. പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രവർത്തനങ്ങളിൽ കേരളം രാജ്യത്ത് ഏറെ മുന്നിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കന്നുകാലികളുടെ ആരോഗ്യ പരിപാലനത്തിൽ ദേശീയ തലത്തിൽ തന്നെ ഒട്ടേറെ നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്കിടയിലും ഫലപ്രദമായി കൊണ്ടു പോകാൻ സാധിക്കുന്ന പ്രധാന തൊഴിൽ മേഖലയായി ക്ഷീരമേഖലയെ മാറ്റിയെടുക്കാൻ സാധിക്കണം. ഇതിന് പുതിയ തലമുറ കൂടി ഈ മേഖലയിലേക്ക് കടന്നു വരണമെന്നും, പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനൊപ്പം പാൽ അനുബന്ധ ഉത്പന്നങ്ങൾ കൂടി ഇവിടെ ഉൽപ്പാദിപ്പിച്ച് കയറ്റി അയക്കുന്ന മേഖലയായി ക്ഷീര മേഖലക്ക് മാറാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു

ചടങ്ങിൽ ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. അനുപമ പദ്ധതി വിശദീകരണം നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രഭ മധു, ജില്ല പഞ്ചായത്ത്‌ അംഗം ജമീല പുരുഷോത്തമൻ, ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു ആന്റണി, ചേർത്തല തെക്ക് പഞ്ചായത്ത്‌ അംഗം ബി. സലിം, തിരുവിഴ ബീച്ച് ക്ഷീരസംഘം പ്രസിഡന്റ് വി. വി വിശ്വൻ, ചേർത്തല തെക്ക് ക്ഷീര സംഘം സെക്രട്ടറി കെ. മോഹനൻ, കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി കെ. എ തോമസ്, ചേർത്തല തെക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വള്ളികുന്നം പഞ്ചായത്ത് ക്ഷീരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആർ രാജേഷ് എം. എൽ. എ നിർവഹിച്ചു. വള്ളിക്കുന്നം പഞ്ചായത്ത് പ്രസിഡന്റ്‌ ഇന്ദിര തങ്കപ്പൻ, ജില്ല ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ യു. അക്ബർ ഷാ, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. വിജയകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി. എ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.