ആലപ്പുഴ: ആർദ്രം മിഷന്റെ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് അതിശയകരമായ മാറ്റം കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തന സജ്ജമാക്കിയ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആർദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായിരുന്ന 75 കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. ജില്ലയിൽ ചെറിയനാട്, ചെട്ടികുളങ്ങര, ആറാട്ടുപുഴ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ഇന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്.

ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യം വച്ചത്. രണ്ടാംഘട്ടത്തിലേക്ക് 504 കുടുംബാരോഗ്യ കേന്ദ്രങ്ങളും തെരഞ്ഞെടുത്തു. നിലവില്‍ ഒന്നും രണ്ടും ഘട്ടങ്ങളിലായി ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് പ്രവര്‍ത്തന സജ്ജമാക്കിയത്. ഇതിനു പുറമെയാണ് പുതുതായി 75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി സജ്ജമാക്കിയത്. ആകെ 461 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയത്. ശേഷിക്കുന്നവയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. പൊതുജനാരോഗ്യ രംഗത്ത് മികച്ച നേട്ടങ്ങൾ ആർജിക്കാൻ ആർദ്രം മിഷന് സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നതോടെ ഓരോ പ്രദേശങ്ങളിലും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാകും. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറയ്ക്കാനും മികച്ച ചികിത്സ നൽകാൻ കഴിയുന്നതും ആരോഗ്യ രംഗത്തെ സാമൂഹിക പങ്കാളിത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗടെ, ‌ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ചെറിയനാട് കുടുംബരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ എം. എൽ. എ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. വി. വേണു, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം പിസി. അജിത, വൈസ് പ്രസിഡന്റ്‌ ജി. വിവേക്, ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. രാധമ്മ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ആറാട്ടുപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അജിത, വൈസ് പ്രസിഡന്റ് കെ.വൈ അബ്‌ദുൾറഷീദ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷംസുദീൻ കായിപ്പുറം, ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുക്കു ഉന്മേഷ്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ഷഹീൻ, മൈമുനത്ത് ഫഹദ്, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ച കാരണം ചെട്ടികുളങ്ങരയിൽ പ്രാദേശികമായി പരിപാടികൾ നടത്തിയില്ല.