എറണാകുളം: തീരദേശ ഗ്രാമമായ വടക്കേക്കര പഞ്ചായത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി. കൃഷിയുടെ ഉദ്ഘാടനം പ്രസിഡൻ്റ് കെ.എം അംബ്രോസ് നിർവ്വഹിച്ചു.

ഹൈറേഞ്ചുകളിൽ മാത്രം കൃഷി ചെയ്തിരുന്ന ശീതകാല പച്ചക്കറികളായ കേബേജ് , കോളിഫ്ലവർ, ബ്രക്കോളി മുതലായവ ഇനി വടക്കേക്കരയിൽ വിളയും. ചൂട് കാലാവസ്ഥയിൽ വളരുന്ന ഉഷ്ണമേഖലാ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പഞ്ചായത്തിലെ ഇരുപതു വാർഡുകളിലും നടാനാവശ്യമായ ശീതകാല പച്ചക്കറിത്തൈകൾ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു. വടക്കേക്കര കൃഷിഭവൻ്റെ തൈ ഉൽപ്പാദക നഴ്സറിയിലാണ് ഇവ ഉൽപ്പാദിപ്പിച്ചത്.

കൊട്ടുവള്ളിക്കാട് നെന്മണി കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനത്തിൽ പഞ്ചായത്ത് അംഗം ശ്രീദേവീ സനോജ്, കൃഷി അസിസ്റ്റൻ്റ് എസ്.കെ ഷിനു, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.