എറണാകുളം : മാലിന്യ സംസ്ക്കരണത്തിന് നടപ്പാക്കിയ പദ്ധതികൾ പരിഗണിച്ച്
കീഴ്മാട് ഗ്രാമപഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചു. ശുചിത്വ പദവി പത്രം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അബ്ദുൽ മുത്തലിബ് നൽകുന്നു.

ഹരിത കർമ സേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിക്കാൻ കയറ്റി അയക്കുന്നതിൽ പഞ്ചായത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 35 പേരടങ്ങുന്ന ഹരിത കർമ സേനയാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ ബദൽ മാർഗങ്ങൾ കണ്ടെത്താൻ ചണ സഞ്ചി വിതരണം പോലുള്ള കാര്യങ്ങളിൽ പഞ്ചായത്ത് ഏർപ്പെട്ടിരുന്നു.

20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്. 100 ല്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അര്‍ഹത നേടിയത്. എറണാകുളം ജില്ലയിൽ 27 ഗ്രാമ പഞ്ചായത്തുകൾക്കാണ് ശുചിത്വ പദവി ലഭിച്ചത്.
പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.