909 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,125 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 25 പേര്‍
അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
രോഗബാധിതരായി ചികിത്സയില്‍ 7,914 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 48,488 പേര്‍

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച 1,174 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 1,125 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രോഗബാധയുണ്ടായവരില്‍ 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

വൈറസ് ബാധിതരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവ് ജില്ലയില്‍ തുടരുകയാണ്. സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ തുടരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പതു ജനങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ സഹകരിക്കണണമെന്നും ജനപങ്കാളിത്തത്തോടെ കോവിഡ് വ്യാപനം കുറക്കാനാകുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

വെള്ളിയാഴ്ച 909 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. 23,065 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

നിരീക്ഷണത്തില്‍ 48,488 പേര്‍

48,488 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 7,914 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 529 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,341 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 133 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.