പ്രളയത്തെ അതിജീവിക്കാവുന്ന രീതിയില്‍ പുനര്‍നിര്‍മിക്കുന്ന ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിന്റെ നിർമാണത്തിന് തുടക്കമാകുന്നു.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് ഹൈവേ പദ്ധതിയാണ് നിര്‍മിക്കുന്നത്. എല്ലാവർഷവും കാലവർഷ സമയത്ത് എസി റോഡിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും 15 മുതൽ 20 ദിവസം വരെ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റോഡ് പുനർ നിർമ്മിക്കുന്നതിനുള്ള പ്രത്യേക പദ്ധതി ആവിഷ്കരിച്ചത്. നവീകരിക്കുന്ന റോഡിനും ഫ്ലൈ ഓവറിന്നും വാഹനഗതാഗതത്തിന് 10 മീറ്റർ വീതിയുള്ള രണ്ടുവരി പാതയും ഇരുവശത്തും നടപ്പാതയും കൂടെ 13 മീറ്റർ മുതൽ 14 മീറ്റർ വരെ വീതിയും ഉണ്ടാകും.

20 കിലോമീറ്ററിൽ മൂന്നുതരത്തിലുള്ള നിർമ്മാണ രീതിയാണ് അവലംബിക്കുന്നത്. 2.9 കിലോമീറ്റർ ബിഎംബിസി മാത്രം ചെയ്ത് റോഡ് നിലനിർത്തും. രണ്ടാമത്തെ 8.27 കിലോമീറ്റർ ജിയോ ടെക്സ്റ്റൈൽ ലെയർ കൊടുത്തുള്ള മെച്ചപ്പെടുത്തലും മൂന്നാമത്തെ 9 കിലോമീറ്റർ ജിയോഗ്രിഡും കയർ ഭൂവസ്ത്രത്താല്‍ എന്‍കേസ് ചെയ്ത സ്റ്റോൺ കോളവും ഉപയോഗിച്ചുള്ള മെച്ചപ്പെടുത്തലാണ് അവലംബിക്കുക.

എല്ലാവർഷവും മൺസൂൺ സമയത്ത് റോഡിൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന അഞ്ചു സ്ഥലങ്ങളിൽ ഫ്ലൈഓവർ നിർമിക്കും. ഫ്ലൈ ഓവറുകൾക്ക് 1.785 കിലോമീറ്റർ ആയിരിക്കും നീളം.

കുറച്ചു ദൂരത്തിൽ മാത്രം വെള്ളപ്പൊക്കം ഉണ്ടാകുന്ന ഭാഗങ്ങളിൽ നിലവിലുള്ള റോ‍ഡ് അധികം ഉയർത്താതെ റോഡിന് കുറുകെയുള്ള നീരൊഴുക്കു സുഗമമാക്കുന്നതിന് വേണ്ടി 9 സ്ഥലങ്ങളിൽ കോസ് വേ നൽകിയിട്ടുണ്ട്. കോസ് വേകളുടെ ആകെ നീളം 400 മീറ്റർ ആണ്.

എസി റോഡിലെ ഫുട്പാത്ത് ഇല്ലാത്തതും വീതി കുറഞ്ഞതും ആയ വലിയ പാലങ്ങൾ ആയ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങളിലും പുതുക്കുന്ന റോഡിന്റെ ഘടനയ്ക്ക് അനുസൃതമായി ഇരുവശങ്ങളിൽ നടപ്പാതകൾ ഉൾപ്പെടുത്തി വീതി കൂട്ടുന്നതിനുള്ള ഡിസൈനാണ് നൽകിയിട്ടുള്ളത്. എസി കനാലിന്റെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ നിലവിലുള്ള മുട്ടാർ ബോക്സ് കള്‍വര്‍ട്ടിനെ പൊളിച്ചുമാറ്റി പകരം കനാലിനു കുറുകെ 35 മീറ്റർ നീളത്തിലുള്ള സ്പാൻ ഉൾപ്പെടുന്ന ഒരു പാലവും പദ്ധതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറുതും വലുതുമായ പതിമൂന്നോളം പാലവും കള്‍വര്‍ട്ടുകളും സ്പാനുകൾ വിപുലീകരിച്ച് പുനർനിർമ്മിക്കാൻ ഉള്ള തുകയും പദ്ധതിയിലുൾപ്പെടുത്തി. 671.66 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി-അസർബൈജാൻ കമ്പനി ജോയിന്റ് വെഞ്ചർ ആണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.

നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 12 ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. കൈതവന ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് -രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും.

കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തുന്ന ചടങ്ങില്‍ ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ.റ്റി എം തോമസ് ഐസക്ക് വിശിഷ്ടാതിഥിയാവും. എ.എം ആരിഫ് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ മുഖ്യസാന്നിദ്ധ്യം വഹിക്കും.