കേരളം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന, ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ, ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായതിന്റെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബിയിൽ നിന്ന് 793.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയതെങ്കിലും 595 കോടി രൂപയ്ക്ക് പണി പൂർത്തിയാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിൽ പദ്ധതി പൂർത്തീകരിക്കാനായി. ക്‌ളാസ് മുറികളുടെ തറയും സീലിങും നിർമാണവും വൈദ്യുതീകരണവുമെല്ലാം വലിയ തോതിലുള്ള പ്രാദേശിക ഇടപെടലോടെയാണ് പൂർത്തിയാക്കിയത്. 135.5 കോടി രൂപയാണ് നാടിന്റെ വകയായി പദ്ധതിയിൽ ചെലവഴിച്ചത്. ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങൾ, അധ്യാപകർ, രക്ഷകർത്താക്കൾ, പൂർവവിദ്യാർത്ഥികൾ തുടങ്ങി വിദ്യാഭ്യാസ തത്പരരായ മുഴുവൻ ജനങ്ങളും സഹകരിച്ചു. ഈ പദ്ധതിയുടെ ഭാഗമാവുകയും സഹകരിക്കുകയും ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

പൊതുസംവിധാനങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുന്ന കാഴ്ചയാണ് ലോകമാകെയുള്ളത്. അത്തരം ഘട്ടത്തിലാണ് കേരള സർക്കാർ ഇടപെട്ട് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സാധ്യമാക്കിയിരിക്കുന്നത്. ഇത് ലോകത്തിന്റെ ഭാവിയെ കരുതിയുള്ള ചുവടുവയ്പ്പാണ്. ഇതിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. സ്‌കൂളുകളുടെ ഭൗതിക സാഹചര്യത്തിൽ മാത്രമല്ല, അക്കാഡമിക് തലത്തിലും വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളോടു കിടപിടിക്കും വിധം നമ്മുടെ ഗ്രാമങ്ങളിലെ വിദ്യാലയങ്ങൾ മാറിക്കഴിഞ്ഞു. നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവർക്കാണ് ഇതിന്റെ ഗുണം. ഇത് നാടിന്റെ നേട്ടമാണെന്നും ഭാവിതലമുറയ്ക്ക് ഏറ്റവും ഗുണം ഉണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു ലക്ഷം ലാപ്‌ടോപ്പുകളാണ് പദ്ധതിയുടെ ഭാഗമായി കൈറ്റ് വിതരണം ചെയ്തത്. ഇതിൽ പൂർണമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിലൂടെ 3000 കോടി രൂപയുടെ ലാഭമാണുണ്ടായത്. ഇത് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഇപ്പോൾ കൈവരിച്ചിരിക്കുന്ന മികവ് നിൽനിർത്താനാവണം. ഇതിന് മുൻകൈ എടുക്കേണ്ടത് അധ്യാപക സമൂഹമാണ്. നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മികച്ച വിദ്യാഭ്യാസം നൽകാൻ അധ്യാപകർക്ക് കഴിയണം. ഇതിന് പരമ്പരാഗത ബോധന രീതിയിൽ മാറ്റം വേണ്ടിവരും. വിദ്യാർത്ഥികൾക്ക് നവസാങ്കേതികാധിഷ്ഠിത ബോധനം നൽകാനാവണം.

നിലവിൽ മികച്ച രീതിയിൽ ഓൺലൈൻ ക്‌ളാസുകൾ നടക്കുന്നു. എന്നാൽ ക്‌ളാസ് മുറികളിലെ പഠനത്തിന് ബദലല്ല ഓൺലൈൻ പഠനം. സാഹചര്യം അനുകൂലമാകുന്ന വേളയിൽ ക്‌ളാസ് മുറി പഠനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് സർക്കാർ സ്‌കൂളുകളോടുള്ള കാഴ്ചപ്പാട് മാറിയിട്ടുണ്ട്. നേരത്തെ സർക്കാർ സ്‌കൂളുകൾ ശോഷിക്കുന്ന സ്ഥിതിയായിരുന്നു. വലിയ ആശങ്ക നിലനിൽക്കുന്ന അവസരത്തിലാണ് സർക്കാർ ഇടപെട്ടത്. ഇതിനെത്തുടർന്നാണ് അഞ്ചു ലക്ഷം കുട്ടികൾ പുതിയതായി പൊതുവിദ്യാലയങ്ങളിലെത്തിയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ. കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, ഡോ. ടി. എം. തോമസ് ഐസക്ക്, ടി. പി. രാമകൃഷ്ണൻ, എ. കെ. ശശീന്ദ്രൻ, കെ. കെ. ശൈലജ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.