എറണാകുളം: ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി പൊതുമരാമത്ത് വകുപ്പിന് കീഴിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്നത് ആറ് പാലങ്ങൾ. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഇവയുടെ നിർമ്മാണം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.


1. മഞ്ചേരിക്കുഴി പാലം

കുന്നത്തുനാട് , തൃക്കാക്കര എന്നീ നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് കടമ്പ്രയാറിന് കുറുകെയാണ് മഞ്ചേരിക്കുഴി പാലം നിർമ്മിക്കുന്നത്. ഈ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇൻഫോപാർക്ക്‌, സ്മാർട്ട് സിറ്റി എന്നിവ സ്ഥിതി ചെയ്യുന്ന ഇടച്ചിറയിലേക്ക് പുതിയൊരു ഗതാഗത മാർഗം തുറക്കപ്പെടുകയും ഈ പ്രദേശത്തേക്കുള്ള ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമാവുകയും ചെയ്യും. ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് ഭരണസിരാകേന്ദ്രമായ കാക്കനാട് ഭാഗത്തേക്കും കൊച്ചി നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കും വളരെ എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.

പാലത്തിന് 26 മീറ്ററിൻ്റെ എട്ട് സ്പാനുകളിലായി ആകെ 208 മീറ്റർ നീളമുണ്ട്. 7.5 മീറ്റർ വീതിയിൽ ക്യാരേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയാണുള്ളത്. പാലത്തിൻ്റെ ഇടച്ചിറ ഭാഗത്ത് 220 മീറ്റർ നീളത്തിലും ആലുവ ഭാഗത്ത് 90 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത്. സബ് സ്ട്രക്ച്ചർ, സൂപ്പർ സ്ട്രക്ച്ചർ പ്രവർത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.


2. കീഴ്മുറിക്കടവ് പാലം

പിറവം നിയോജകമണ്ഡലത്തിലെ രാമമംഗലം, മണീട് വില്ലേജുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് മൂവാറ്റുപുഴയാറിന് കുറുകെയാണ് കീഴ്മുറിക്കടവ് പാലം നിർമ്മിക്കുന്നത്. 96.50 മീറ്റർ നീളവും 11.23 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. മണീട് ഭാഗത്ത് 180 മീറ്റർ നീളത്തിലും കീഴ്മുറി ഭാഗത്ത് 215 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡുകൾ നിർമ്മിക്കേണ്ടത്.


3. നായരമ്പലം – നെടുങ്ങാട് പാലം

വൈപ്പിൻ നിയോജക മണ്ഡലത്തിലാണ് നായരമ്പലം – നെടുങ്ങാട് പാലത്തിൻ്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്. നിലവിലുള്ള വീതി കുറഞ്ഞതും അപകടാവസ്ഥയിൽ ഉള്ളതുമായ പാലത്തിൻ്റെ പുനർനിർമാണം വേണമെന്ന ആവശ്യം പ്രദേശവാസികളിൽ നിന്നും വർഷങ്ങളായി ഉയർന്നു വന്നിട്ടുള്ളതാണ്. പാലത്തിൻ്റെ പണി പൂർത്തിയാകുമ്പോൾ നെടുങ്ങാടിനെയും വൈപ്പിൻ ദ്വീപിൻ്റെ കിഴക്കൻ പ്രദേശങ്ങളിലെ കായലോര മേഖലകളെയും തെക്കും വടക്കുമുള്ള പ്രദേശങ്ങളുമായും ബസ്സും മറ്റ് വലിയ വാഹനങ്ങളുടെ സൗകര്യങ്ങളോടു കൂടിയും ബന്ധപ്പെടുത്താൻ കഴിയും.

പാലത്തിന് രണ്ട് സ്പാനുകളിലായി 32.86 മീറ്റർ നീളമുണ്ട്. 8.40 മീറ്ററാണ് വീതി. നെടുങ്ങാട് ഭാഗത്ത് 60 മീറ്റർ നീളത്തിലും നായരമ്പലം ഭാഗത്ത് 70 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടുള്ളത്. ഇതിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. നിർമ്മാണം പൂർത്തിയാക്കിയ പാലത്തിൽ ഇനി ടാറിംഗ് പ്രവൃത്തികൾ മാത്രമാണ് അവശേഷിക്കുന്നത്.


4. കോൺവെൻ്റ് ബീച്ച് പാലം

കേരളത്തിൻ്റെ ടൂറിസം ഭൂപടത്തിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന ചെറായി ബീച്ചിനും മുനമ്പം ഹാർബറിനും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പള്ളിപ്പുറം ബീച്ചിലേക്ക് ഒരു പാലം എന്നത് തദ്ദേശവാസികളുടെ വർഷങ്ങൾ നീണ്ട ആവശ്യമായിരുന്നു. പാലത്തിൻ്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി കെ.ടി മാത്യു ആൻ്റ് കമ്പനിയാണ് പാലത്തിൻ്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്. വിദഗ്ധ പരിശോധനയിൽ 200 മീറ്റർ പാടം നികത്തി അപ്രോച്ച് റോഡ് ഉണ്ടാക്കുന്നത് ഫലത്തിൽ ഗുണകരമല്ല എന്ന് കണ്ടെത്തിയതിനാൽ അപ്രോച്ച് റോഡ് ഉൾപ്പെടെ പാലമായി പണിയുന്നതിന് ഡിസൈനിൽ മാറ്റങ്ങൾ വരുത്തി.

പാലത്തിൽ 268.50 മീറ്റർ നീളവും 7.05 മീറ്റർ വീതിയിൽ രണ്ട് നിര ഗതാഗതത്തിന് ഉതകുന്ന പാതയും, ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പൈലിംഗ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്.


5. തത്തപ്പിളളി – വള്ളുവള്ളി പാലം

പറവൂർ നിയോജക മണ്ഡലത്തിലെ തത്തപ്പിളളി – വള്ളുവള്ളി പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ തത്തപ്പിളളിയേയും ദേശീയ പാത 66 കടന്നു പോകുന്ന വള്ളുവള്ളിയേയും ഗതാഗത സൗകര്യങ്ങളോടുകൂടി ബന്ധപ്പെടുത്താൻ കഴിയും.

പാലത്തിന് 7.5 മീറ്റർ വീതിയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 11.05 മീറ്ററാണ് ആകെ വീതി. മൂന്ന് സ്പാനുകളിലായി 58.04 മീറ്റർ നീളവുമുണ്ട്. പാലം നിർമ്മാണം പൂർത്തിയായി. അപ്രോച്ച് റോഡ് നിർമ്മാണ പ്രവൃത്തികളാണ് ഇനി പൂർത്തിയാകാനുള്ളത്.


6. പാറപ്പുറം പാലം

ആലുവ നിയോജക മണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ഒക്കൽ പഞ്ചായത്തിനെയും പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പാലമാണ് പാറപ്പുറം – വല്ലംകടവ് പാലം. 32.162 മീറ്ററുള്ള 9 സ്പാനുകളിലായി പാലത്തിന് 289.458 മീറ്റർ നീളമുണ്ട്. 11.23 മീറ്ററാണ് പാലത്തിൻ്റെ വീതി. വല്ലം ഭാഗത്ത് 200 മീറ്ററും പാറപ്പുറം ഭാഗത്ത് 60 മീറ്ററും അപ്രോച്ച് റോഡ് നിർമ്മിക്കണം. വല്ലം ഭാഗത്ത് സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി.

പാലം യാഥാർത്ഥ്യമാകുന്നതോടെ കാലടി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി, പെരുമ്പാവൂർ ഭാഗത്ത് നിന്നും നെടുമ്പാശേരിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. ഈ പാലം കാലടി പാലത്തിന് ഒരു ബൈപാസ് കൂടിയാണ്.