സേവനങ്ങൾ വിരൽത്തുമ്പിൽ
എറണാകുളം: ഈ കോവിഡ് കാലത്ത് സേവനം അത് ഏതായാലും ഓൺലൈനിലൂടെ ലഭ്യമാവുക എന്നത് വലിയ കാര്യമാണ്. ഓഫീസുകളിൽ കയറി ഇറങ്ങി തിരക്ക് സൃഷ്ടിക്കാതെ വീട്ടിലിരുന്ന് ഓൺലൈനായി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞാൽ ഉപഭോക്താക്കൾക്കും ഉദ്യോഗസ്ഥർക്കും സൗകര്യമാണ്. ഇത്തരത്തിൽ ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചിട്ട് 6 മാസങ്ങൾ പിന്നിട്ടു വിജയകരമായി മുന്നോട്ടു പോവുകയാണ് പറവൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസ് .
2500 ൽ അധികം സേവനങ്ങളാണ് ഇതുവരെ ഓൺലൈനിലൂടെ നൽകിയത്.സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ കീഴിൽ പട്ടികജാതി വികസന ഓഫീസ് ഓൺലൈൻ സേവനങ്ങൾ നൽകുന്നതും അത് വിജയിക്കുന്നതും.
ഓൺലൈൻ സംവിധാനത്തിലൂടെ എല്ലാ അന്വേഷണങ്ങൾക്കും സമയ പരിധി കൂടാതെ മറുപടി നൽകുന്നുണ്ട്. ഈ ഓൺലൈൻ സംവിധാനം സംബന്ധിച്ച് പരാതികളോ, ആക്ഷേപങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല എന്നുള്ളതും
ശ്രദ്ധേയമാണ്.2019 -20-ൽ പട്ടികജാതി വിഭാഗങ്ങൾക്ക് അനുവദിച്ച ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടും പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടും 100 % ചിലവഴിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പട്ടികജാതി വിഭാഗത്തിനുള്ള 2020-21 സാമ്പത്തിക വർഷത്തിലെ പദ്ധതികളിൽ 50% ൽ അധികം തുക ഒക്ടോബർ ആദ്യം തന്നെ ചിലവഴിക്കുവാൻ ഓൺലൈൻ സംവിധാനം സഹായിച്ചുവെന്ന് അധികൃതർ പറയുന്നു.
ഓൺലൈൻ സേവനങ്ങൾ ഇങ്ങനെ:
*ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ, വകുപ്പ് പദ്ധതികൾ ഇവയുടെ ആദ്യഘട്ടം പൂർണ്ണമായും നിലവിൽ ഓൺലൈനിലൂടെ നിർവ്വഹിക്കപ്പെടുന്നു.
*സാമൂഹ്യ മാധ്യമങ്ങളിലൂടെ പദ്ധതികൾ സംബന്ധിച്ച വിജ്ഞാപന വിവരങ്ങൾ നൽകി കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നു. വിവരങ്ങൾ ജനങ്ങളിലേക്ക് ഇത്തരത്തിൽ എത്തിച്ചതിലൂടെ
മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടി അപേക്ഷകൾ ഒരോ പദ്ധതികൾക്കും ലഭ്യമാക്കാൻ സാധിച്ചു.
* വിവിധ തദ്ദേശ സ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും നൽകേണ്ട സാക്ഷ്യപത്രങ്ങൾക്കുള്ള അപേക്ഷകൾ വാട്ട്സ് ആപ്പിലൂടെ സ്വീകരിക്കുകയും വിവിധ ഓഫീസുകളിൽ ഗുണഭോക്താക്കൾ നൽകേണ്ട സാക്ഷ്യപത്രങ്ങൾ ഈ ഓഫീസിൽ നിന്ന് പ്രമോട്ടർമാർ മുഖേന നേരിട്ട് എത്തിക്കുകയും ഗുണഭോക്താക്കൾക്ക് ആയതിന്റെ പകർപ്പ് നൽകുകയും ചെയ്യുന്നു.
*വിവിധ പദ്ധതികളുടെ അപേക്ഷാ ഫോമുകൾ, പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ , അർഹതാ മാനദണ്ഡങ്ങൾ എന്നീ വിവരങ്ങൾ വാട്സ് ആപ്പ് വഴി അറിയിക്കുന്നു.
*വിവിധ പദ്ധതികൾക്ക് അപേക്ഷ നൽകിയവർക്ക് തങ്ങളുടെ അപേക്ഷ സംബന്ധിച്ച നിലവിലെ സ്ഥിതിയും വാട്ട്സ് ആപ്പിലൂടെ അറിയിക്കുന്നു.
*വിവിധ നിർമ്മാണ പദ്ധതികൾക്ക് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാട്ട്സ് ആപ്പിലൂടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു. നിർമ്മാണ പുരോഗതി തത്സമയം ഈ സംവിധാനത്തിലൂടെ വിലയിരുത്തുന്നു. ഈ രീതിയിൽ വേഗം പൂർത്തീകരിക്കാൻ കഴിയുന്നു.
ഔദ്യോഗിക ജോലികൾക്കുപുറമേ പട്ടികജാതി വിഭാഗത്തിനുള്ള വിവിധ ക്ഷേമ പ്രവർത്തനങ്ങളും പ്രസിഡന്റ് അഡ്വ യേശുദാസ് പറപ്പിള്ളിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഓൺലൈൻ പഠനത്തിനായി സൗകര്യങ്ങൾ ലഭ്യമല്ലാത്ത 60 ൽ പരം കുട്ടികൾക്ക്
ടി വി ചലഞ്ച് എന്ന പദ്ധതി, നഴ്സറി കുട്ടികൾക്കായി ചിത്രശാല ചലഞ്ച് എന്നിവ നടപ്പിലാക്കി. കൗമാരക്കാരായ കുട്ടികൾക്ക് വ്യക്തിത്വ വികസനത്തിന് വെബിനാർ സംഘടിപ്പിച്ചു. വ്യക്തിപരമായ കൗൺസിലിംഗിന് സൈക്കോതെറാപ്പിസ്റ്റുകളുടെ സേവനം നൽകി.
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ യാത്ര ഒഴിവാക്കി അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് സാധിച്ചതാണ് ഓൺലൈൻ ആക്കിയതിലൂടെ കൈവരിക്കാൻ കഴിഞ്ഞ ഏറ്റവും വലിയ നേട്ടം.കാതലായ മാറ്റങ്ങൾക്ക് നേത്യത്വം നൽകിയത് പ്രസിഡന്റ് അഡ്വ യേശുദാസ് പറപ്പിള്ളിയും ഭരണ സമിതിയുമാണെന്ന് പട്ടിക ജാതിവികസന ഓഫീസർ ബോബി മാത്യൂസ് സാക്ഷ്യപ്പെടുത്തുന്നു.