തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന്റെ ശോഭനം 2020 പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രികൾ പ്രവർത്തനമാരംഭിച്ചു.  പാറശ്ശാല, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് മൃഗാശുപത്രികൾ ആരംഭിച്ചത്. ഇവയുടെ പ്രവർത്തനോദ്ഘാടനം വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിർവഹിച്ചു.

മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്കും വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗസ്‌നേഹികൾക്കും ഏതുസമയത്തും മൃഗസംരക്ഷണ സേവനങ്ങൾക്കായി ആശ്രയിക്കാവുന്ന സർക്കാർ സ്ഥാപനങ്ങളാണ് ഇതുവഴി യാഥാർത്ഥ്യമായത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗാശുപത്രിയായി ഉയർന്ന സാഹചര്യത്തിൽ സീനിയർ വെറ്റിനറി സർജന്റെ നേതൃത്വത്തിൽ മൂന്ന് ഡോക്ടർമാർ,രണ്ടു ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ,അനുബന്ധ ജീവനക്കാർ എന്നിവരുടെ സേവനം ഇവിടങ്ങളിൽ ലഭിക്കും. മൂന്ന് ഷിഫ്റ്റുകളായാണ്  പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്.

പാറശ്ശാല വെറ്ററിനറി പോളി ക്ലിനിക്കിന്റെ പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പ്രത്യേക ചടങ്ങ്  സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ പാലുത്പാദന രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ടു ബ്ലോക്ക് പഞ്ചായത്തുകളാണ് പാറശ്ശാലയും പെരുങ്കടവിളയും.മൃഗങ്ങങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നത് ഭാവിയിൽ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായകമാവുമെന്നും സി.കെ.ഹരീന്ദ്രൻ പറഞ്ഞു