തൃശ്ശൂർ: പെരിയമ്പലം ബീച്ചിൽ ജിയോ ബാഗ് തടയണകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ തീരുമാനമായി. തൃശൂർ ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല യോഗത്തിൽ കെ. വി അബ്ദുൾഖാദർ എംഎൽഎയുടെ നിർദ്ദേശപ്രകാരമാണിത്. പുന്നയൂർകൂളം പഞ്ചായത്ത് പരിധിയിലെ തീരദേശത്ത് സംരക്ഷണമൊരുക്കാൻ ജിയോ ബാഗുകൾ സ്ഥാപിക്കും. പഞ്ചായത്ത് ആവശ്യപ്പെട്ട പ്രകാരം 800 മീറ്റർ നീളത്തിൽ ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിന് 98.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി അഡീഷണൽ ഇറിഗേഷൻ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്.
സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ പെരിയമ്പലം ബീച്ചിൽ കഴിഞ്ഞ വർഷങ്ങളിലായി നടന്ന കടൽക്ഷോഭത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് പദ്ധതി. കടലാക്രമണത്തിൽ പഞ്ചായത്ത് നിർമ്മിച്ച പാർക്ക്, ടോയലറ്റ് കോംപ്ലക്‌സ്, വയോധികരുടെ വിശ്രമകേന്ദ്രം എന്നിവയും അണ്ടത്തോട് അറപ്പ ഭാഗംമുതൽ തങ്ങൾപ്പടി വരെയുള്ള കടലോരത്തെ തെങ്ങുകളും നശിച്ചിരുന്നു. ഇവയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ജിയോ ബാഗ് തടയണകൾ.