എടയ്ക്കാട്ടുവയൽ: ബാങ്കിംഗ് രംഗത്തെ എല്ലാ ആധുനിക സേവനങ്ങളും പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് നൽകുന്ന ലീഡ്‌ ബാങ്കായി കേരള ബാങ്ക് രണ്ട് മാസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എടയ്ക്കാട്ടുവയൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് ഓഫീസ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സേവന രംഗത്ത് പുതുതലമുറ ബാങ്കുകൾക്കൊപ്പം സഹകരണ ബാങ്കുകളും ഉയരും. ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ ഉൾപ്പെടെ യുവജനത ആഗ്രഹിക്കുന്ന ആധുനിക സേവനങ്ങൾ സഹകരണ മേഖലയിൽ ലഭ്യമാക്കും. നിലവിൽ 13 ശതമാനം മാത്രമാണ് പ്രാഥമിക സഹകരണ സംഘങ്ങളിലെ യുവജനങ്ങളുടെ പ്രാതിനിധ്യം. ഭാവിയിൽ കൂടുതൽ പേരെ സഹകരണ മേഖലയിലേക്ക് ആകർഷിക്കാൻ പരിഷ്കരണങ്ങൾക്ക് സാധിക്കുമെന്ന് പറഞ്ഞ മന്ത്രി ഈ മാറ്റങ്ങൾക്കൊപ്പം മുന്നേറണമെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് വർഷങ്ങൾ സഹകരണ മേഖലയുടെ ഉയർച്ചയുടെ വർഷങ്ങളായിരുന്നു. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ഭൂമി ഇല്ലാത്തവർക്കായി 2000 ഭവനങ്ങൾ നിർമ്മിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി വകുപ്പിന് 2000 വീടുകൾ നിർമ്മിച്ച് നൽകുവാൻ സാധിച്ചു. സംഘങ്ങളുടെ ലാഭവിഹിതം ലഭ്യമാക്കി കെയർ ഹോം പദ്ധതി ഉൾപ്പെടെ ജനോപകാരപ്രദമായ നിരവധി പ്രവർത്തികൾ പൂർത്തീകരിക്കുന്നത് മന്ത്രി ചൂണ്ടിക്കാട്ടി.

എടയ്ക്കാട്ടുവയൽ സഹകരണ ബാങ്ക് 1999ൽ ആരക്കുന്നത്തും 2009ൽ എടയ്ക്കാട്ടുവയലിലും രണ്ട് ബ്രാഞ്ചുകൾ ആരംഭിച്ചു. ഇടപാടുകാർക്ക്  സൗകര്യപ്രദവും ബാങ്കിന്റെ വളർച്ചയ്ക്ക് പ്രയോജനകരവുമായ സ്ഥലത്ത് ആധുനിക ബാങ്കിംഗ് സൗകര്യങ്ങളോടെ ബ്രാഞ്ച് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള  പ്രവർത്തനങ്ങൾക്കാണ് നിലവിൽ തുടക്കമായത്. പിറവം – പൂത്തോട്ട പൊതുമരാമത്ത് റോഡിന്റെ ഭാഗമായുള്ള എടയ്ക്കാട്ടുവയൽ – പാർപ്പാകോട് റോഡിന് അഭിമുഖമായി എടയ്ക്കാട്ടുവയൽ കവലയ്ക്ക് സമീപമാണ് ബ്രാഞ്ച് ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത്. വളംഡിപ്പോയും സഹകരണസ്റ്റോറും ഹാളും രൂപകൽപ്പനയിൽ ഉൾപ്പെടുന്നു.

നിക്ഷേപം, വായ്പ, പ്രതിമാസ നിക്ഷേപ പദ്ധതികൾ എന്നീ ബാങ്കിംഗ് പ്രവർത്തനങ്ങൾക്കുപരിയായി ജനങ്ങളുടെ ഉപജീവനത്തിനും അതിജീവനത്തിനുമുള്ള വിവിധ പ്രവർത്തനങ്ങളിൽ ഈ സഹകരണ സ്ഥാപനം സജീവ പങ്ക് വഹിക്കുന്നു. ജില്ലയിൽ ആദ്യമായി കുടുംബശ്രീയുമായി ചേർന്ന് ‘ മുറ്റത്തെമുല്ല’ എന്ന വായ്പ പദ്ധതി ആരംഭിച്ചത് ഈ ബാങ്കാണ്.

സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന ബാങ്ക് പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് അദ്ധ്യയന വർഷാരംഭത്തിൽ ധനസഹായം നൽകുക, കർഷകർക്ക് പലിശരഹിത വായ്പ, സ്വാശ്രയ സംഘങ്ങൾക്കും കുടുംബശ്രീ യൂണിറ്റുകൾക്കും വായ്പ, നിർധനരായ രോഗികൾക്ക്  ചികിത്സാ സഹായം, പ്രളയ ദുരിതാശ്വാസ പ്രവർത്തനം, ബാങ്ക് പുരയിടത്തിൽ പച്ചക്കറി കൃഷി തുടങ്ങിയവ ബാങ്കിന്റെ മികച്ച പ്രവർത്തനങ്ങളാണ്. വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിച്ച് അംഗങ്ങൾക്ക് 20 ശതമാനം ലാഭവിഹിതവും നൽകി വരുന്നു.

എടയ്ക്കാട്ടുവയൽ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി പീറ്ററിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് ജോയിൻറ് റെജിസ്ട്രാർ അബ്ദുൾ ഗഫാർ, ജില്ലാ പഞ്ചായത്തംഗം എ.പി. സുഭാഷ്, ബ്ലോക്ക് പഞ്ചായത്തഗങ്ങളായ രാജീവ് ശ്രീധരൻ, ആശ അച്ചുതൻ, മുൻ ജില്ലാ പഞ്ചായത്തംഗം ടി.സി. ഷിബു, ഷൺമുഖദാസ് ടി.എസ്, ടി.കെ. മോഹനൻ, ബെന്നി കെ. പൗലോസ്, രാജു അബ്രഹാം, പൗലോസ് പി. ജോർജ്ജ്, രാജൻ ജേക്കബ്, എടയ്ക്കാട്ടുവയൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എ.പി. പ്രബീഷ്, സെക്രട്ടറി കെ.എ. ജയരാജ് എന്നിവർ പ്രസംഗിച്ചു.