ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇനിയും മുന്നോട്ട്- വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനം നാളെ (തിങ്കള്‍) തുടങ്ങും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സജ്ജീകരിച്ച പ്രത്യേക പ്രദര്‍ശന പവലിയന്‍ രാവിലെ 10 മണിക്ക് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, കല്‍പ്പറ്റ നരഗസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ജില്ലയില്‍ നടപ്പാക്കിയ അതുല്യമായ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമാണ് ഇനിയും മുന്നോട്ട് ഫോട്ടോ പ്രദര്‍ശനം. ഹരിത കേരളം, ലൈഫ്, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ നാലു വികസന മിഷനുകളിലൂടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും നടപ്പാക്കിയ വികസന- ക്ഷേമ പദ്ധതികളുടെ ദൃശ്യവിരുന്നാണിത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ വികസന ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 1, 2 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 7 മണി വരെയാണ് കല്‍പ്പറ്റയിലെ പ്രദര്‍ശനം.

ഫെബ്രുവരി 4, 5 തിയ്യതികളില്‍ പനമരം ജി.എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ട്, 8, 9 തീയതികളില്‍ മാനന്തവാടി ട്രൈസം ഹാള്‍ പരിസരം തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി, വൈത്തിരി എന്നിവിടങ്ങളിലും പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്.